'എല്ലാത്തിനും ഒരു പരിധിയുണ്ട്'; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ ആര്യ

By Web Team  |  First Published Apr 1, 2020, 6:06 PM IST

'ബിഗ് ബോസ് പോലെ ഒരു ഷോയില്‍ ആളുകള്‍ക്ക് തീര്‍ച്ഛയായും അവരുടെ പ്രിയ മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്‍റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. പക്ഷേ,,'


ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥി ആയിരുന്ന തനിക്ക് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവരുന്ന അധിക്ഷേപത്തിനെതിരെ ആര്യ. മരിച്ചുപോയ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊക്കെ എതിരേ ചിലര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനെതിരേ എല്ലാക്കാലവും നിശബ്ദത പാലിക്കാന്‍ ആവില്ലെന്നും ആര്യ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യയുടെ പ്രതികരണം. തന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ അധിക്ഷേപ പരാമര്‍ശവുമായെത്തിയ യുവാവിന്‍റെ പ്രൊഫൈല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു ആര്യ.

ആര്യ പറയുന്നു

Latest Videos

ബിഗ് ബോസ് പോലെ ഒരു ഷോയില്‍ ആളുകള്‍ക്ക് തീര്‍ച്ഛയായും അവരുടെ പ്രിയ മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്‍റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൌസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണ് അത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കിക്കാണുന്നതും അവയോടുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നത്, അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും, എന്‍റെ ഉത്തരവാദിത്തം കൂടിയാണ്. പക്ഷേ അതിന്‍റെ അര്‍ഥം നിങ്ങള്‍ക്ക് എന്നെ അധിക്ഷേപിക്കാം എന്നല്ല! 

 

സമൂഹമാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ അത് നല്ല രീതിയില്‍ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈല്‍ ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ആരെയും എത്രവേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളില്‍ മിക്കവരും, പ്രത്യേകിച്ച് സ്ത്രീകള്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

ഇത്തരം കമന്‍റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രകാലം പറഞ്ഞുകൊണ്ടിരുന്നവരോട്.. ക്ഷമിക്കണം, ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്‍റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ചുപോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു സുപ്രധാന സാഹചര്യത്തില്‍ (കൊറോണ) ആയതിനാലാണ് ഞങ്ങളില്‍ മിക്കവരും ഇതേക്കുറിച്ച് നിശബ്‍ദരായിരിക്കുന്നത്. അധികൃതര്‍ സ്വീകരിച്ചുവരുന്ന നടപടികളെ ഞങ്ങള്‍ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ ഞങ്ങള്‍ എല്ലാക്കാലത്തും ഈ നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി. 

click me!