'നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്‍റെ പക്കലുണ്ട്'; ശാലു പേയാടിനെതിരെ പൊലീസില്‍ പരാതിയുമായി ആരതി പൊടി

By Web Team  |  First Published Mar 22, 2023, 1:24 PM IST

"എല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്"


ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയിരുന്നു സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട്. തന്‍റെ സിനിമാബന്ധങ്ങള്‍ ഉപയോഗിച്ച് പല പ്രശസ്തരെയും കണ്ടുമുട്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു റോബിനെന്നും പ്രതിച്ഛായ വ്യാജമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു ശാലു പേയാടിന്‍റെ ആരോപണം. നിരവധി യുട്യൂബ് ചാനലുകളിലെ അഭിമുഖങ്ങളിലൂടെ ഒട്ടേറെ ആരോപണങ്ങളാണ് റോബിനെതിരെ ശാലു പേയാട് ഉന്നയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ശാലു പേയാടിനെതിരെ പരാതിയുമായി കൊച്ചി പൊലീസ് കമ്മീഷണറെ സമീപിച്ചിരിക്കുകയാണ് റോബിന്‍റെ പ്രതിശ്രുത വധു ആരതി പൊടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേസ് കൊടുത്തിരിക്കുന്ന കാര്യം ആരതി അറിയിച്ചിരിക്കുന്നത്. ശാലു പേയാട് തന്‍റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

ആരതി പൊടി പറയുന്നു

Latest Videos

"ഈ വ്യാജ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമപരമായ അവസാനം ഉണ്ടാവുമെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം. എന്‍റെ സിനിമയുടെ റിലീസ് കാരണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുകയായിരുന്നു. അതെന്തായാലും കാര്യങ്ങള്‍ ഇപ്പോള്‍ എന്‍റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്. ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു. ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന് ഞാന്‍ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍  നിര്‍മ്മിച്ചെടുത്ത കഥകളിലൂടെ ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ചിന്തകളെ തെറ്റായി സ്വാധീനിക്കുന്നതും അനുവദിച്ച് കൊടുക്കാനാവില്ല. നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്‍റെ പക്കലുണ്ട്. അതെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. ഈ പരീക്ഷണ ഘട്ടത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടുമുള്ള എന്‍റെ കടപ്പാട് അറിയിക്കുന്നു". ഇനി ഞങ്ങളുടെ ഊഴമെന്ന് ആരതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചുകൊണ്ട് റോബിന്‍ ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്.

ALSO READ : 'ആറാട്ട് വര്‍ക്ക് ആയില്ല, ട്രോള്‍ ചെയ്യപ്പെടുന്നെന്ന് മമ്മൂക്കയോട് പറഞ്ഞു'; മമ്മൂട്ടി നല്‍കിയ മറുപടിയെക്കുറിച്ച് ബി ഉണ്ണികൃഷ്‍ണന്‍

click me!