ടൊവിനോ അറിഞ്ഞും അറിയാതേയും ക്യാമറയിൽ പകർത്തിയ സെറ്റിലെ രസങ്ങളും കുസൃതികളും തമാശകളുമൊക്കെ ഈ വീഡിയോയിലുണ്ട്.
കൊച്ചി: തെറ്റാലിയിൽ കല്ല് വെച്ച് മാവിൻ മേലേയ്ക്ക് ആഞ്ഞൊരടി, പോലീസ് യൂണിഫോമിലിരുന്ന് ലുഡോ കളി, ആസ്വദിച്ചുള്ള ക്രിക്കറ്റ് കളി, കാലൻ കുട കൊണ്ടുള്ള തരികിട അഭ്യാസങ്ങള്‍, തുറിച്ച് നോക്കിയാൽ കൊഞ്ഞനം കുത്തൽ... സെറ്റിൽ ടൊവിനോയ്ക്ക് ഒന്നിനും 'നോ' ഇല്ല എല്ലാം 'യെസ്' ആണ്. മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള രസികൻ ദൃശ്യങ്ങൾ ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകര്‍. ഫെബ്രുവരിന് 9ന് റിലീസിനായി ഒരുങ്ങുന്ന ചിത്രം ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കുമെന്നാണ് പോസ്റ്ററുകളും ടീസറുമൊക്കെ നൽകിയിരിക്കുന്ന സൂചനകള്‍.
ടൊവിനോ അറിഞ്ഞും അറിയാതേയും ക്യാമറയിൽ പകർത്തിയ സെറ്റിലെ രസങ്ങളും കുസൃതികളും തമാശകളുമൊക്കെ ഈ വീഡിയോയിലുണ്ട്. അതിനാൽ തന്നെ ഏറെ കൗതുകത്തോടെ കണ്ടിരിക്കാവുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ടൊവി ആരാധകരും സിനിമാ പ്രേക്ഷകരും ഈ വീഡിയോ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്. ടൊവിനോ കരിയറിൽ മൂന്നാമതായി ചെയ്യുന്ന പോലീസ് വേഷമാണ് ഈ സിനിമയിലേത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം താരം വീണ്ടും പോലീസായെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാപ്രേക്ഷകർ. എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി താരം എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് സംഗീതമൊരുക്കുന്നത്. അദ്ദേഹം ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിനുണ്ട്.
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്.
വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ നേരത്ത് മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്. ‘തങ്കം' എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
നായകൻ ടൊവിനോ തോമസ് 'മുൻപേ' വരുന്നു; സംവിധാനം സൈജു ശ്രീധരന്‍
പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ ആയപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടോ?: 'നാ സാമി രംഗ' കളക്ഷന്‍ വിവരം.!