'ബോഗയ്ന്‍‍വില്ല'യുടെ തൊട്ടുപിറ്റേന്ന് എത്തില്ല; അമല്‍ നീരദിന്‍റെ ആ ഹിറ്റ് ചിത്രത്തിന്‍റെ റീ റിലീസ് നീട്ടി

By Web Team  |  First Published Oct 8, 2024, 8:46 PM IST

2010 ല്‍ പുറത്തെത്തിയ ചിത്രമാണ് റീ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഇറങ്ങിയ കാലത്ത് ട്രെന്‍ഡ‍് സൃഷ്ടിച്ച ചിത്രം


മറുഭാഷാ സിനിമകള്‍ക്ക് പിന്നാലെ മലയാളത്തിലും ട്രെന്‍ഡ് ആയിരിക്കുകയാണ് റീ റിലീസുകള്‍. നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസുകളായി തിയറ്ററുകളിലേക്ക് ഇനിയും വരാനിരിക്കുന്നത്. അതിലൊന്നാണ് പൃഥ്വിരാജിനെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍. 2010 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റീ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ തീയതിയില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്.

ചിത്രം ഒക്ടോബര്‍ 18 ന് എത്തുമെന്നാണ് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. പൃഥ്വിരാജിന്‍റെ ബര്‍ത്ത്‍ഡേ വീക്കെന്‍ഡ് പ്രമാണിച്ചായിരുന്നു ഈ ചാര്‍ട്ടിം​ഗ്. എന്നാല്‍ ഈ ദിവസം ചിത്രം എത്തില്ലെന്നാണ് പുതിയ അറിയിപ്പ്. ഒക്ടോബര്‍ 25 ആണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. അതേസമയം ഒക്ടോബര്‍ 17 ന് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബോ​ഗയ്ന്‍‍വില്ല തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Latest Videos

അതേസമയം അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്‍വറില്‍ പൃഥ്വിരാജ് എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ​ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ALSO READ : ഷൈന്‍ ടോം ചാക്കോ നായകന്‍; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!