കാന്‍ ചലച്ചിത്രോത്സവത്തിലെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല: അനുരാഗ് കശ്യപ്

By Web Team  |  First Published Jun 12, 2024, 5:14 PM IST

ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ പുരസ്കാരമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം കരസ്ഥമാക്കിയത്.  


മുംബൈ: എന്നും തന്‍റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന സിനിമ സംവിധായകനാണ് അനുരാഗ് കശ്യപ്. പായൽ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്‍റെ കാൻ 2024ലെ വിജയത്തില്‍ ഇന്ത്യയ്ക്ക് കാര്യമായി അവകാശപ്പെടാനൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ അനുരാഗ് കശ്യപ് പറയുന്നത്.  ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍വരെ ഇന്ത്യ ഇതുവരെ നൽകിയിട്ടില്ലെന്ന് അനുരാഗ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ പുരസ്കാരമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം കരസ്ഥമാക്കിയത്.  മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഹിന്ദിയിലും മലയാളത്തിലുമായാണ് പായല്‍ കപാഡിയ ചിത്രം ഒരുക്കിയിരിക്കുന്നത്. 

Latest Videos

ഈ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ച് സംസാരിച്ച അനുരാഗ് കശ്യപ് പറഞ്ഞത് ഇതാണ്,  " ഇന്ത്യ@കാൻ' എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് ഒരു ലക്ഷ്യമാണ് നല്‍കുന്നത്, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണം. കാനിൽ ഉണ്ടായിരുന്ന തരത്തിലുള്ള സിനിമയെ പിന്തുണയ്ക്കുന്നത് ഇന്ത്യ മുന്‍പേ അവസാനിപ്പിച്ചതാണ്

ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. ഈ വിജയം കൈവരിച്ചിട്ടും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്.  പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ല. 

പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയിച്ചു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്‍ററികള്‍ മമ്മുടെ പക്കലുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങൾക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സർക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിര്‍ത്തണം" - അനുരാഗ് കാശ്യപ് പറഞ്ഞു.

മിർസാപൂർ സീസൺ 3ന്‍റെ ടീസർ പുറത്തിറക്കി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

'പ്യൂവർ സോൾ, സത്യസന്ധൻ, ഇമോഷണല്‍' ; ഋഷി ഫൈനലിലേക്ക് എത്തിയത് എങ്ങനെ ?

click me!