'ആര്‍ഡിഎക്സി'ന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും പെപ്പെയും; ടൈറ്റില്‍ പ്രഖ്യാപനം നാളെ

By Web Team  |  First Published Jun 28, 2024, 8:28 PM IST

നവാഗതനായ അജിത്ത് മാമ്പിള്ളി സംവിധാനം


ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. കടല്‍ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രം നവാഗതനായ അജിത്ത് മാമ്പിള്ളിയാണ്  സംവിധാനം ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത് ചിത്രമാണിത്. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ സെറ്റ് തയ്യാറായത് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. ഒരു തീരപ്രദേശത്തിൻ്റെ സംസ്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിൻ്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്കവിധമാണ് ചിത്രത്തിൻ്റെ അവതരണം. കടലിലെ റിവഞ്ച് ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിന്‍റെ പ്രത്യേകത ആയിരിക്കും. കെജിഎഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

Latest Videos

പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് സഭ, നന്ദു, സിറാജ് (ആർഡിഎക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി എസിൻ്റേതാണ് സംഗീതം. 

ഗാനരചന വിനായക് ശശികുമാർ, ഛായാഗ്രഹണം ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് ശ്രീജിത്‌ സാരംഗ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ് അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ നിസാർ റഹ്‍മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്), റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സനൂപ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പിആർഒ ശബരി, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!