'ബുക്കിം​ഗിൽ ഫുൾ, തിയറ്ററിലെത്തുമ്പോൾ 12 പേര്‍'; മലയാള സിനിമയിലെ അപകടകരമായ പ്രവണതയെക്കുറിച്ച് അനൂപ് മേനോൻ

By Web Team  |  First Published Aug 11, 2024, 10:23 AM IST

"എത്ര രൂപ അങ്ങനെ ഇടുന്നു എന്നുള്ളത് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോവും. അത്രയധികം പൈസയാണ്"


ബുക്കിംഗ് നോക്കുമ്പോള്‍ വലിയ ആളുള്ള സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരാണ് ഉള്ളതെന്ന് സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോന്‍. താന്‍ നായകനായ ചെക്ക് മേറ്റ് എന്ന പുതിയ ചിത്രം കണ്ട് തിയറ്ററില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ചിത്രം കണ്ടവരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു.

"മലയാള സിനിമയില്‍ ഇപ്പോള്‍ കണ്ടുവരുന്ന വളരെ അപകടകരമായ, അല്ലെങ്കില്‍ ദു:ഖകരമായ പ്രവണത എന്ന് പറയുന്നത് ആദ്യത്തെ മൂന്ന് ദിവസം ഒരു വലിയ സംഖ്യ തിയറ്ററുകളിലേക്ക് ഇട്ട് ആളുകളെ കൊണ്ടുവരേണ്ടിവരിക എന്നുള്ളതാണ്. എത്ര രൂപ അങ്ങനെ ഇടുന്നു എന്നുള്ളത് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോവും. അത്രയധികം പൈസയാണ്. ഒരു സിനിമ ചെയ്യാന്‍ ആവുന്നതിന്‍റെ അടുത്തുള്ള പൈസയാണ് തിയറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍. എന്നാല്‍ ഇതേ തിയറ്ററില്‍ ആളെ കൊണ്ടുവരുമെന്ന് നമ്മള്‍ വിശ്വസിക്കുമ്പോള്‍, ആ തിയറ്ററിനകത്ത് കയറി നോക്കുമ്പോള്‍ 12 പേരേ ഉണ്ടാവൂ. ഇത് ബുക്കിംഗ് മാത്രമേ നടക്കുന്നുള്ളൂ പലപ്പോഴും. അതൊന്നും ഒരു ഫൂള്‍ പ്രൂഫ് ആയുള്ള മെത്തേഡ് അല്ല", അനൂപ് മേനോന്‍ പറയുന്നു.

Latest Videos

undefined

അമേരിക്കന്‍ മലയാളികള്‍ ചേര്‍ന്ന് ഒരുക്കിയ ചെക്ക് മേറ്റ് എന്ന സിനിമയെക്കുറിച്ച് അനൂപ് മേനോന്‍ പറയുന്നു- "അസ്സല്‍ റിവ്യൂസ് വരുന്നുണ്ട്. ഇത് പൂര്‍വ്വ മാതൃകയുള്ള ഒരു സിനിമയല്ല. ആ സിനിമ വിശ്വസിക്കുന്നതിലെ ഒരു വൈകല്‍ പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാവും. ആ ഡിലെ എത്രയും പെട്ടെന്ന് തീരട്ടെ. അമേരിക്കന്‍ മലയാളികളുടെ സിനിമയാണിത്. സിനിമയോടുള്ള ഒട്ടും കലര്‍പ്പില്ലാത്ത ഇഷ്ടം കൊണ്ടാണ് അവര്‍ ഈ സിനിമയിലേക്ക് എത്തിയത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ അവര്‍ ഈ സിനിമയ്ക്കുവേണ്ടി ഇന്‍വെസ്റ്റ് ചെയ്തതാണ്. സിനിമ എത്തിക്കാനും ഇവര്‍ ഒരുപാട് കഷ്ടപ്പെട്ടു. വലിയ വിതരണക്കാരൊന്നും തയ്യാറായില്ല. ട്രെയ്‍ലര്‍ ലോഞ്ച് ചെയ്യാന്‍പോലും ഒരു വലിയ പേരുകാരും മുന്നോട്ട് വന്നില്ല. അതൊക്കെ വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ദൗര്‍ഭാ​ഗ്യകരം എന്നേ പറയാനുള്ളൂ. എന്നാല്‍ സിനിമ അത്രയധികം നല്ല റിവ്യൂസിലൂടെ കടന്നുപോകുന്നു. അത് വലിയ സന്തോഷമുള്ള കാര്യമാണ്. അതെല്ലാം ടിക്കറ്റുകളായി പരിഭാഷപ്പെടുമോ എന്ന് നമുക്ക് അറിയില്ല. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു", അനൂപ് മേനോന്‍റെ വാക്കുകള്‍.

ALSO READ : പൊട്ടിച്ചിരിയുമായി സൈജു കുറുപ്പ്; 'ഭരതനാട്യം' ട്രെയ്‌‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!