ആന്‍ അഗസ്റ്റിന്‍റെ തിരിച്ചുവരവ്; 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

By Web Team  |  First Published Aug 29, 2022, 6:39 PM IST

എം മുകുന്ദന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ആദ്യ ചിത്രം


കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. 2017ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രം സോളോയ്ക്കു ശേഷം ആനിന്‍റേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അവര്‍ നായികയായി ഒരു ശ്രദ്ധേയ ചിത്രം പുറത്തുവരാനിരിക്കുകയാണ്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയാണ് ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്. 

ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ നായകനാവുന്നത്. സുകൃതം ഉള്‍പ്പെടെ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുള്ള ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികുമാറും അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഒരു ചിത്രവുമായി എത്തുന്നത്. 

Latest Videos

ALSO READ : 'ഡോക്ടറി'നും മേലെ 'ഡോണ്‍'; ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റ് ബോക്സ് ഓഫീസ്

മാഹിയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഴകപ്പൻ, പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പരസ്യകല ആന്‍റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കൂത്തുപറമ്പ്, പിആർഒ പി ആര്‍ സുമേരൻ.

എം മുകുന്ദന്‍റെ രചനകളായ ദൈവത്തിന്‍റെ വികൃതികളും മദാമ്മയും നേരത്തെ ചലച്ചിത്രങ്ങളായിട്ടുണ്ടെങ്കിലും തിരക്കഥ പൂര്‍ണ്ണമായും അദ്ദേഹം തയ്യാറാക്കുന്ന ആദ്യ ചിത്രം ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയാണ്. "വളരെ രസകരമായി ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രത്തെ എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപ്പേര്‍ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക്. പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്", എം മുകുന്ദന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.

click me!