കൈയടികളുമായി കൂടുതല്‍ തിയറ്ററുകളിലേക്ക്; രണ്ടാം വാരം സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'അഞ്ചക്കള്ളകോക്കാന്‍'

By Web Team  |  First Published Mar 22, 2024, 8:32 AM IST

സാങ്കേതിക മേഖലകളിലെല്ലാം മികവ് പുലര്‍ത്തുന്ന സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍


ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത  അഞ്ചക്കള്ളകോക്കാൻ എന്ന ത്രില്ലർ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സിനിമ റിലീസ് ആയി രണ്ടാം വാരത്തിൽ തിയറ്ററുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. കർണാടകത്തില്‍ കേരളത്തിനൊപ്പംതന്നെ പ്രദർശനം ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങളില്‍ ചിത്രം എത്തിയിരുന്നില്ല. 

രാജ്യത്തെ ഒട്ടുമിക്ക മെട്രോ നഗരങ്ങളിലും ഉടനെ തന്നെ പ്രദർശനം തുടങ്ങുന്നതാണ്. വിദേശ മാര്‍ക്കറ്റുകളില്‍ ഇന്നലെയും ചിത്രം പ്രദര്‍ശനം ആരംഭിച്ചു. സാങ്കേതിക മേഖലകളിലെല്ലാം മികവ് പുലര്‍ത്തുന്ന സിനിമയായാണ് പ്രേക്ഷകാഭിപ്രായങ്ങള്‍. ക്യാമറ വർക്ക്, മ്യൂസിക്, സൗണ്ട് എഫക്ട്, സൗണ്ട് മിക്സിങ്, ഒപ്പം ആക്ഷൻ രംഗങ്ങളും മികച്ച തിയറ്റർ എക്സ്പീരിയൻസ് നൽകുന്നതാണ്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള- കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പാമ്പിച്ചി എന്ന ഷോർട്ട് ഫിലിമിന് ശേഷം ഉല്ലാസ് ചെമ്പന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് അഞ്ചക്കള്ളകോക്കാൻ. ഒരു കൾട്ട് വെസ്റ്റേൺ രീതിയിലാണ് അഞ്ചക്കള്ളകോക്കാൻ ചിത്രീകരിച്ചിരിക്കുന്നത്‌. 

Latest Videos

ചിത്രത്തിലെ തുമ്പി എന്ന ​ഗാനം ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഗില്ലാപ്പികളുടെ ഫൈറ്റ് സീനും ക്ലൈമാക്സില്‍ വരുന്ന ലുക്മാന്റെ ട്രാൻസ്ഫോർമേഷനും കൈയടി നേടുന്നുണ്ട്. ആദ്യമായി പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന ഒരു കോൺസ്റ്റബിൾ ആയി ലുക്മാൻ അവറാനും സീനിയർ പൊലീസായി ചെമ്പൻ വിനോദും വേഷമിടുന്നു. കൂടാതെ ഒട്ടനവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ ഉണ്ട്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് ആർമോ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നത് രോഹിത് വി എസ് വാര്യത്ത്. ഗാനങ്ങൾ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

ALSO READ : 'രോമാഞ്ചം' ഹിന്ദിയിൽ; സംവിധാനം സംഗീത് ശിവന്‍, 'കപ്‍കപി' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!