ഡിസംബര്‍ 2 റിലീസ്
ഒടിടി റിലീസ് (OTT Release) പ്രഖ്യാപിച്ചതിനു ശേഷം റിലീസ് തിയറ്ററുകളിലേക്ക് മാറ്റിയ മോഹന്‍ലാലിന്‍റെ (Mohanlal) 'മരക്കാര്‍' (Marakkar) ആണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന അപ്‍കമിംഗ് റിലീസ്. ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷമാണ് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും അടക്കമുള്ളവര്‍ തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തിലേക്ക് മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച് സഹനിര്‍മ്മാതാവ് സി ജെ റോയ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍. അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren) ആണ് മരക്കാറിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ചിത്രം തനിക്ക് ഇഷ്‍ടപ്പെട്ടെന്ന് അല്‍ഫോന്‍സ് പറയുന്നു.
"മരക്കാര്‍ എന്ന സിനിമ ഞാന്‍ കണ്ടു. നമ്മള്‍ ചെറുപ്പം തൊട്ട് കണ്ടുവരുന്ന മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പിനേഷന്‍. അവര്‍ മുന്‍പ് ഒന്നിച്ച കാലാപാനി ലാര്‍ജ് സ്കെയിലില്‍ ഉള്ള ഒരു സിനിമയായിരുന്നു. കുറച്ചുകൂടി വലിയ സ്കെയിലിലാണ് മരക്കാര്‍. സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ എനിക്ക് ഇഷ്‍ടപ്പെട്ടു. ഇനി നിങ്ങള്‍ പോയി കാണണം. ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍നിന്ന് കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ സൂചനകള്‍ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്", ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ വീഡിയോയില്‍ അല്‍ഫോന്‍സ് പറയുന്നു.
അതേസമയം റിലീസ് ദിനം അടുക്കുമ്പോഴേക്ക് സോഷ്യല്‍ മീഡിയയില്‍ പല കാരണങ്ങളാല്‍ നിറയുകയാണ് മരക്കാര്‍. ഐഎംഡിബിയില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തുന്ന ഇന്ത്യന്‍ ചിത്രമാണ് നിലവില്‍ മരക്കാര്‍. രാജമൗലിയുടെ ആര്‍ആര്‍ആറിനെയടക്കം പിന്തള്ളിയാണ് ലിസ്റ്റില്‍ മരക്കാര്‍ ഒന്നാമത് എത്തിയത്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2നാണ് ലോകമാകമാനമുള്ള തിയറ്ററുകളില്‍ എത്തുക. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.