'മാര്‍ക്കോ' കണ്ട് അല്ലു അര്‍ജുന്‍; ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്കും അഭിനന്ദനം

By Web Desk  |  First Published Jan 9, 2025, 7:37 AM IST

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.


മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ചയായ ചിത്രം മാര്‍ക്കോ കണ്ട് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു തന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ചു. ചിത്രം നേടിയ മികച്ച വിജയത്തിന് അണിയറക്കാര്‍ക്കുള്ള അഭിനന്ദനം അറിയിച്ച അല്ലു ചിത്രം തനിക്ക് എത്രത്തോളം ഇഷ്ടമായെന്നതും പറഞ്ഞു.

ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ രംഗങ്ങളാണ് അല്ലുവിനെ സ്വാധീനിച്ച മറ്റൊരു ഘടകം. അതിനെക്കുറിച്ചും ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ വാല്യുവിനെക്കുറിച്ചും ഹനീഫ് അദേനിയോട് അല്ലു അര്‍ജുന്‍ സംസാരിച്ചു. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം ഉണ്ണി മുകുന്ദന് കരിയര്‍ ബെസ്റ്റ് ഓപണിംഗും നല്‍കിയിരുന്നു. യുവതലമുറയാണ് ആദ്യ ദിനങ്ങളില്‍ ചിത്രം കാണാന്‍ ധാരാളമായി എത്തിയത്.

Latest Videos

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 10 കോടിക്ക് മുകളില്‍ ഓപണിംഗ് നേടിയ ചിത്രം മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളില്‍ പോയി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളില്‍ ഒന്നുമാണ്. മലയാളത്തിന്‍റെ അതേദിവസം തിയറ്ററുകളിലെത്തിയ ഹിന്ദി പതിപ്പ് റെക്കോര്‍ഡ് വിജയമാണ് നേടിയത്. പിന്നാലെ തെലുങ്ക്, തമിഴ് പതിപ്പുകളും എത്തിയിരുന്നു. അതേസമയത്ത് തിയറ്ററുകളില്‍ ഉണ്ടായിരുന്ന ബോളിവുഡ് ചിത്രത്തെക്കാള്‍ മികച്ച പ്രകടനമാണ് മാര്‍ക്കോ നടത്തിയത്. തെലുങ്ക് പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. മാര്‍ക്കോയുടെ തുടര്‍ ഭാഗങ്ങള്‍ വരുമെന്ന് വിജയത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്. കലൈ കിംഗ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍. 

ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!