പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.
ആരാധകർക്ക് അറിയാൻ ഏറെ കൗതുകമുള്ളൊരു കാര്യമാണ് പ്രിയ താരങ്ങളുടെ പ്രതിഫലം. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. ഒരോ സിനിമ കഴിയുന്തോറും അഭിനേതാക്കൾ പ്രതിഫലം കൂട്ടുന്നത് പതിവുമാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങൾ പുറത്തുവരികയാണ്.
ചിത്രത്തിലെ നായകനായ അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണ്. ഇക്കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാവെന്ന പട്ടം അല്ലു അർജുന് ലഭിച്ചു കഴിഞ്ഞു. വിജയ്, ഷാരൂഖ് ഖാൻ അടക്കമുള്ള നടന്മാരെ പിന്നിലാക്കിയാണ് അല്ലു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പുഷ്പ 2വിൽ നായിക കഥാപാത്രമായി എത്തുന്ന രശ്മിക മന്ദാനയുടെ പ്രതിഫലം പത്ത് കോടിയാണെന്നാണ് പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷമാണ് രശ്മിക പ്രതിഫലം ഇരട്ടിപ്പിച്ചത്. ബൻവാർ സിങ് ശെഖാവത് എന്ന കഥാപാത്രമായെത്തുന്ന ഫഹദ് ഫാസിലിന്റെ പ്രതിഫലം എട്ട് കോടിയാണ്. ആദ്യഭാഗത്തിൽ 3.5 കോടിയായിരുന്നു ഫഹദിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.
പുഷ്പ 2വിലെ കിസിക്ക് എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ശ്രീലീലയുടെ പ്രതിഫലം രണ്ട് കോടിയാണ്. ആദ്യഭാഗത്തിൽ സാമന്ത വാങ്ങിയതിനെക്കാൾ വളരെ കുറവാണ് ശ്രീലീലയുടെ പ്രതിഫലം. അഞ്ച് കോടിയായിരുന്നു അന്ന് സാമന്ത വാങ്ങിയത്. സംഗീത സംവിധായകൻ ദേവീ ശ്രീ പ്രസാദിന് അഞ്ച് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
മലയാളത്തിന്റെ സൂപ്പർ താര ചിത്രം; പ്രീമിയർ ഓഫർ 21 കോടി ! ഒടിടി ഭീമനോട് 'നോ' പറഞ്ഞ് നിർമാതാവ്
അതേസമയം, 1200 സ്ക്രീനുകളിൽ ആണ് പുഷ്പ 2 പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ബുക്കിങ്ങിന് കേരളത്തിൽ അടക്കം മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. കേരളത്തിൽ പുലർച്ചെ നാല് മണിക്കാണ് ആദ്യ ഷോ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം