'പുഷ്‍പ 2' ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

By Web Team  |  First Published Dec 25, 2024, 6:23 PM IST

സിനിമയുടെ റിലീസിന് തലേരാത്രിയിലായിരുന്നു സംഭവം


പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു. 

Latest Videos

undefined

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

ALSO READ : ജോജുവിനൊപ്പം സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!