'പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം'; 'പുഷ്‍പ 2' ന് ശേഷം എത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം ഇതാണ്

By Web Desk  |  First Published Jan 3, 2025, 11:33 AM IST

നാല് വര്‍ഷത്തോളം ഒരു കഥാപാത്രത്തിനുവേണ്ടി മാത്രമാണ് അല്ലു അര്‍ജുന്‍ സമയം ചെലവഴിച്ചത്


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ വിജയം ഇന്ന് തെലുങ്ക് താരം അല്ലു അര്‍ജുന്‍റെ പേരിലാണ്. പുഷ്പ 2 ലൂടെയാണ് അദ്ദേഹം ആ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. 2021 ല്‍ പുറത്തെത്തിയ പുഷ്പ ആദ്യ ഭാഗമാണ് അല്ലുവിനെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ വന്‍ തരംഗം തീര്‍ത്ത പുഷ്പ 2 ന്‍റെ ഹിന്ദി പതിപ്പ് മാത്രം 770 കോടിയാണ് നേടിയിരിക്കുന്നത്. അതേസമയം ഇത്ര വലിയ വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാവുകയാണ്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അടുത്തതായി അഭിനയിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിനൊപ്പം അല്ലു അര്‍ജുന്‍ നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജുലായി, സണ്‍ ഓഫ് സത്യമൂര്‍ത്തി, അല വൈകുണ്ഠപുരമുലോ എന്നിവയാണ് ഈ ടീം ഇതിന് മുന്‍പ് ഒന്നിച്ച മൂന്ന് ചിത്രങ്ങള്‍. 2020 മുതല്‍ 2024 വരെ പുഷ്പ ഫ്രാഞ്ചൈസിക്കുവേണ്ടി കാര്യമായി അധ്വാനിച്ചിട്ടുണ്ട് അല്ലു അര്‍ജുന്‍. പുതിയ ചിത്രത്തിന് വേണ്ടിയും അല്ലു കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന് നിര്‍മ്മാതാവ് നാഗ വംശി പറയുന്നു.

Latest Videos

കഥാപാത്രത്തിനുവേണ്ടി ശരീരഭാഷയിലും സംഭാഷണ രീതിയിലുമൊക്കെ പരിശീലനം നടത്തിയതിന് ശേഷമായിരിക്കും അല്ലു ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുക. 2025 വേനല്‍ക്കാലത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവിലെ പദ്ധതി. തിരക്കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് തിരക്കുകള്‍ അവസാനിക്കുന്നമുറയ്ക്ക് അല്ലു ത്രിവിക്രവുമായി കൂടിക്കാഴ്ച നടത്തും. ചിത്രീകരണത്തിന് മുന്‍പ് നടത്തേണ്ട പരിശീലനം പിന്നാലെ ആരംഭിക്കും, നാഗ വംശി പറയുന്നു.

വിഎഫ്എക്സ് കാര്യമായി ഉപയോഗിക്കുന്ന ചിത്രമായിരിക്കും ഇതെന്നും അതിനാല്‍ത്തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം സമയമെടുക്കുമെന്നും നാഗ വംശി പറയുന്നു. ഏറെ പ്രത്യേകതകളുള്ള ഒരു സെറ്റ് ആയിരിക്കും ചിത്രത്തിനുവേണ്ടി ഒരുക്കുക. ഗീത ആര്‍ട്സും ഹരിക ആന്‍ഡ് ഹസിനി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2023 ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. 

അതേസമയം നാല് വര്‍ഷം ഒരു കഥാപാത്രത്തിനുവേണ്ടി മാത്രം ചെലവഴിച്ച അല്ലു അര്‍ജുന് ഒന്നിലധികം ചിത്രങ്ങളുടെ തിരക്കുകളിലേക്ക് വേഗത്തില്‍ എത്തണമെന്നുണ്ട്. ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പങ്കെടുക്കവെ വര്‍ഷം രണ്ട് ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം അല്ലു അര്‍ജുന്‍ പങ്കുവച്ചിരുന്നു. 

ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!