പായല്‍ കപാഡിയയാണ് ചിത്രത്തിന്‍റെ സംവിധാനം
ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചതിലൂടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഇന്ത്യന്‍ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. കാനിലെ നേട്ടത്തിന് പിന്നാലെ ചിത്രം തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്.
ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്