'പ്രഭയായ് നിനച്ചതെല്ലാം' ബുക്കിംഗ് ആരംഭിച്ചു; തിയറ്ററുകളില്‍ നാളെ

By Web Team  |  First Published Nov 21, 2024, 1:05 PM IST

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‍കാരം നേടിയ ചിത്രം


അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ചതിന് ശേഷം പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) നാളെ (22) രാജ്യമൊട്ടാകെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്സ്, പേടിഎം, ടിക്കറ്റ് ന്യൂ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകർക്ക് ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.

മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. നവംബർ ആദ്യ വാരം ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ നടന്നിരുന്നു. ചിത്രത്തിൻ്റെ സംവിധായികയായ പായൽ കപാഡിയയും കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരുൾപ്പെടെയുള്ള താരങ്ങളും മലയാള സിനിമയിലെ പ്രമുഖർക്കൊപ്പം പ്രത്യേക പ്രദർശനത്തിന് എത്തുകയും പ്രദർശനത്തിന് ശേഷമുള്ള പ്രേക്ഷകരുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയും ചെയ്തു. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Latest Videos

undefined

ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ ശബരി.

ALSO READ : മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണം നേടി 'മുറ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!