
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി സമീപിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എക്സൈസിന് കോടതി നിർദ്ദേശം നൽകി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. ലഹരിമരുന്നുമായി പിടിയിലായ യുവതിയെ പരിചയമുണ്ടെന്നും എന്നാൽ ഇടപാടിൽ പങ്കില്ലെന്നുമാണ് ഹർജിയിലുള്ളത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
തസ്ലീമയെ തനിക്ക് പരിചയമുണ്ട്. ക്രിസ്റ്റീന എന്ന പേരിൽ കോഴിക്കോടുവെച്ചാണ് പരിചയപ്പെട്ടത്. ഇടയ്ക്കിടെ മെസേജ് അയക്കും. ദിവസങ്ങൾക്കുമുന്പ് കഞ്ചാവ് വേണോ എന്ന് ചോദിച്ച് യുവതിയുടെ മെസേജ് വന്നിരുന്നു. തന്നെ കളിയാക്കുകയാണെന്നാണ് കരുതിയത്. അതുകൊണ്ടാണ് കാത്തിരിക്കൂ എന്ന് മറുപടി നൽകിയതും. അല്ലാതെ തനിക്ക് കഞ്ചാവിടപാടുമായി യാതൊരു ബന്ധവുമില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ ഭാഷ്യം. എക്സൈസ് തന്നെ അറസ്റ്റുചെയ്യുമോയെന്ന് ഭയമുണ്ട്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിയെ നിലവിൽ കേസിൽ പ്രതി ചേർത്തിട്ടില്ല. അറസ്റ്റിലായ യുവതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മലയാള സിനിമയിൽ ആർക്കൊക്കെ ലഹരിമരുന്ന് എത്തിച്ച് നൽകിയെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
അതേസമയം, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായ കേസിന്‍റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ കേസിലെ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴടക്കം ചില സിനിമ താരങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. ഈ താരങ്ങളെ വിളിച്ച് വരത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചിട്ടുള്ളത്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ തസ്ലീമ.
ഇവരിലൂടെ ലഹരി മാഫിയ സംഘത്തിലെ മറ്റുപ്രധാന ആളുകളിലേക്ക് കൂടി എത്താനാകും എന്നാണ് എക്സൈസിന്റെ പ്രതീക്ഷ. മാത്രവുമല്ല തസ്ലിമയുടെ ഫോണിൽ നിന്ന് പലർക്കും സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചു നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. നേരത്തെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ഇവർ നിലവിൽ ലഹരിക്കടത്തിനോ വിപണനത്തിനോ ഇത്തരം രീതി പിന്തുടരുന്നുണ്ടോ എന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയത് ദുബായ്, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതിൽ ഒരാൾ ലഹരി കേസുകളിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ