ചിത്രത്തിന്‍റെ രചനാഘട്ടത്തിലാണ് അഖില്‍
പാച്ചുവും അത്ഭുതവിളക്കും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ സത്യന്‍. ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ കരിയറിലെ രണ്ടാമത്തെ ചിത്രത്തിന്‍റെ രചനാഘട്ടത്തിലാണ് അഖില്‍. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഇന്‍ട്രോ സീന്‍ എഴുതിയ സന്തോഷം അഖില്‍ സത്യന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഈ ചിത്രത്തെക്കുറിച്ച് നേരത്തേ അഖില്‍ സൂചിപ്പിച്ചിരുന്നു.
"അച്ഛന്‍റെ ജോമോന്‍റെ സുവിശേഷങ്ങളില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴാണ് ഇദ്ദേഹത്തില്‍ നിന്ന് എനിക്കൊരു വിളി വരുന്നത്. ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതിന്‍റെ സാധ്യതയെക്കുറിച്ച് നേരിട്ട് ചോദിക്കുകയായിരുന്നു അദ്ദേഹം. എന്നിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസമാണ് എന്നെക്കൊണ്ട് ആദ്യ ചിത്രം എഴുതിച്ചത്. അതിന്‍റെ ആദ്യ ഡ്രാഫ്റ്റ് മുഴുവന്‍ എക്സ്ക്ലൂസീവ് ആയി അദ്ദേഹത്തിനുവേണ്ടിത്തന്നെ എഴുതിയതായിരുന്നു. ചില പ്രായോഗിക കാരണങ്ങളാല്‍ അത് നടന്നില്ല. എന്നാലും ഇതുവരെ സംഭവിച്ചതെല്ലാം നല്ല കാര്യങ്ങള്‍ ആയിരുന്നു. ഇന്ന് എന്‍റെ രണ്ടാമത്തെ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ഇന്‍ട്രോ സീന്‍ ഞാനെഴുതി. സന്തോഷത്തിന് അതിരില്ല. കൃത്യമായ സമയത്ത് എല്ലാം അതാതിന്‍റെ സ്ഥലത്ത് കൃത്യമായി എത്തിക്കുന്ന പ്രപഞ്ചത്തിന്‍റെ കടംകഥ", അഖില്‍ സത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
undefined
അതേസമയം ചിത്രം ഒരു ഫാന്‍റസി എന്‍റര്‍ടെയ്നര്‍ ആണെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ഒരു ഭൂതമാണെന്ന് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തില്‍ അഖില്‍ പറഞ്ഞിരുന്നു.
അഖിലിന്‍റെ ആദ്യചിത്രം പാച്ചുവും അത്ഭുതവിളക്കും നിവിനെ മനസില്‍ കണ്ട് എഴുതിയ ഒന്നായിരുന്നു. എന്നാല്‍ അത് നടക്കാതെപോയി. പിന്നീടാണ് ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് വരുന്നത്. ഫഹദ് കൈ കൊടുത്തതിന് ശേഷം അദ്ദേഹത്തിനുവേണ്ടി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ ചിത്രീകരിച്ചത്.
ALSO READ : പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍