ഷിജു, നാദിറ, സെറീന, റെനീഷ എന്നിവരുടെ കുടുംബങ്ങള്‍ക്ക് പിന്നാലെ അഖില്‍ മാരാരുടെ കുടുംബമാണ് ഇന്ന് ഹൌസില്‍ എത്തിയത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അന്തിമ വാരത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 2 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുക. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഹൌസിന് പുറത്തുനില്‍ക്കുന്ന റിനോഷ് ഉള്‍പ്പെടെ 9 മത്സരാര്‍ഥികള്‍ മാത്രമാണ് ഷോയില്‍ അവശേഷിക്കുന്നത്. അതേസമയം സാധാരണ നടക്കാറുള്ള കലഹങ്ങള്‍ക്ക് ഒഴിവു നല്‍കി ഫാമിലി വീക്കിന്‍റെ സന്തോഷത്തിലാണ് മത്സരാര്‍ഥികള്‍. മത്സരാര്‍ഥികളെ കാണാന്‍ അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ വരുന്ന ആഴ്ചയാണ് ബിഗ് ബോസ് ഹൌസില്‍ ഈ ആഴ്ച.
ഷിജു, നാദിറ, സെറീന, റെനീഷ എന്നിവരുടെ കുടുംബങ്ങള്‍ക്ക് പിന്നാലെ അഖില്‍ മാരാരുടെ കുടുംബമാണ് ഇന്ന് ഹൌസില്‍ എത്തിയത്. അഖിലിന്‍റെ ഭാര്യ ലക്ഷ്മിയും മക്കളായ പ്രാര്‍ഥനയും പ്രകൃതിയുമാണ് ബിഗ് ബോസ് ഹൌസിലേക്ക് ഇന്ന് കടന്നുവന്നത്. അഖിലുമൊത്ത് രസകരമായ കൌണ്ടറുകളുമായി കളം പിടിച്ചാണ് കുട്ടികള്‍ ബിഗ് ബോസ് ഹൌസ് വിട്ടത്. "എനിക്ക് ലേഡി ഫാന്‍സൊക്കെ ആയോ", "ഫ്ലെക്സ് ഒക്കെ പൊങ്ങിയോ", തമാശ നിറഞ്ഞ ചിരിയോടെയായിരുന്നു ഭാര്യയോടുള്ള അഖിലിന്‍റെ ചോദ്യങ്ങള്‍. "എങ്ങനെയുണ്ട് പുറത്ത്", പിന്നാലെ അല്‍പം ഗൌരവത്തില്‍ അഖില്‍ ചോദിച്ചു. "കുഴപ്പമൊന്നുമില്ല. എല്ലാവരും നന്നായി കളിക്കുന്നുണ്ട്, നിങ്ങളും"- ലക്ഷ്മി പറഞ്ഞു. "കപ്പ് കിട്ടുമോ"- അഖിലിന്‍റെ അടുത്ത ചോദ്യം. "കിട്ടുമോ എന്നൊക്കെ ചോദിച്ചാല്‍.. എടുക്കണ്ടേ", ലക്ഷ്മി പറഞ്ഞു.
undefined
ഇതേസമയം വീടിന് പുറത്ത് അഖിലിന്‍റെ സഹമത്സരാര്‍ഥികളുമൊത്തുള്ള രസനിമിഷങ്ങളിലായിരുന്നു പ്രാര്‍ഥനയും പ്രകൃതിയും. ഇന്നലെ പ്രൊമോ വന്നത് മുതല്‍ ഈ എപ്പിസോഡിനായി ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. അതേസമയം വാരാന്ത്യ എപ്പിസോഡുകളിലേക്ക് നീങ്ങുകയുമാണ് ഷോ. ഫൈനലിലേക്ക് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട നാദിറ ഒഴികെ മറ്റെല്ലാ മത്സരാര്‍ഥികളും ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്.
ALSO READ : 'എല്ലാ ഊരും നമ്മ റൂള്‍സ്'; പാടിത്തകര്‍ത്ത് ദളപതി, പിറന്നാള്‍ ദിനത്തില്‍ 'ലിയോ' ആദ്യ ഗാനം
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ