Agent Release Date : 'ഭീഷ്‍മ'യ്ക്കു പിന്നാലെ തെലുങ്കിലും ഹിറ്റിന് മമ്മൂട്ടി; 'ഏജന്‍റ്' റിലീസ് തീയതി

By Web Team  |  First Published Mar 11, 2022, 5:27 PM IST

യാത്രയ്ക്കു ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം


മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി (Mammootty) വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ് (Agent). അഖില്‍ അക്കിനേനി (Akhil Akkineni) നായകനാവുന്ന ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

ഈ വര്‍ഷം ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഹംഗറിയിലെ ഒരു ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. പുതിയ ഷെഡ്യൂള്‍ നിലവില്‍ പുരോഗമിക്കുകയാണ്. അതിലും മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്‍റെ വിജയം ആഘോഷിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മമ്മൂട്ടിയെ അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

Latest Videos

undefined

അതേസമയം ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് മോഹന്‍ലാലിനെയും കന്നഡ താരം ഉപേന്ദ്രയെയും നേരത്തെ പരിഗണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 'സൈറാ നരസിംഹ റെഡ്ഡി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേന്ദര്‍ റെഡ്ഡി.  ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. 

അതേസമയം ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്നതിന്‍റെ സന്തോഷത്തിലാണ് മമ്മൂട്ടി. കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന വന്‍ പ്രീ-റിലീസ് ഹൈപ്പിനെ ചിത്രം സാധൂകരിച്ചതോടെ മികച്ച വാരാന്ത്യ ഓപണിംഗ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യദിനങ്ങളില്‍ ചില്ലറ നെഗറ്റീവ് അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും വാരാന്ത്യത്തില്‍ മികച്ച ബുക്കിംഗ് ആണ് എല്ലാ സെന്‍ററുകളിലും തന്നെ ചിത്രത്തിന് ലഭിച്ചത്. ഒരിടവേളയ്ക്കു ശേഷം ആവേശം പകരുന്ന മമ്മൂട്ടി കഥാപാത്രം എന്ന നിലയില്‍ മമ്മൂട്ടി ആരാധകരും ഭീഷ്‍മ പര്‍വ്വം ആഘോഷമാക്കുകയാണ്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ആദ്യം പ്രഖ്യാപിച്ചതും ചെയ്യാന്‍ തീരുമാനിച്ചിരുന്നതും. എന്നാല്‍ വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. പകരമാണ് ആ ഇടവേളയില്‍ ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതും അമല്‍ അതുമായി മുന്നോട്ടുപോയതും. 

click me!