സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും
കരിയറിലെ ഏറ്റവും മികച്ച ഘട്ടങ്ങളില്‍ ഒന്നില്‍ക്കൂടി കടന്നുപോവുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഏറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും സിനിമകളും, യുവ സംവിധായകര്‍ കൊണ്ടുവരുന്ന തനിക്ക് പ്രിയങ്കരമാവുന്ന പ്രോജക്റ്റുകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്യുന്നു. നിസാം ബഷീറിന്‍റെ സംവിധാനത്തിലെത്തിയ സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ ചിത്രം റോഷാക്ക് ആണ് അദ്ദേഹത്തിന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. മൂന്നാം വാരത്തിലും ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി തുടരുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ആ സിനിമ പക്ഷേ മലയാളത്തിലല്ല, മറിച്ച് തെലുങ്കിലാണ്. സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഏജന്‍റ് ആണ് ചിത്രം. മമ്മൂട്ടിയല്ല ചിത്രത്തിലെ നായകന്‍. യുവതാരം അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ ഒരു സുപ്രധാന റോളിലാണ് മമ്മൂട്ടി എത്തുക. ഈ വര്‍ഷം ഒക്ടോബര്‍ 12 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്‍റെ റിലീസ് നീണ്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2023 സംക്രാന്തി റിലീസ് ആയി ചിത്രം എത്തുമെന്നാണ് നിര്‍മ്മാതാക്കളായ എ കെ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിച്ചിരിക്കുന്നത്. ജനുവരി 15 ന് ആണ് സംക്രാന്തി.
ALSO READ : വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 'വരിശ്' റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ്. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.