സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ മറ്റു താരങ്ങള്‍ക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്.
ചെന്നൈ: രജനികാന്തിന്‍റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജയിലര്‍. 600 കോടി ക്ലബിലേക്ക് കുതിക്കുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്. ഇതിന്‍റെ ഭാഗമായി ചിത്രത്തിലെ നായകന്‍ രജനികാന്തിനും, സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങളാണ് സണ്‍പിക്ചേര്‍സ് ഉടമ കലാനിധിമാരന്‍ കൈമാറിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാണ്.
രജനികാന്തിനെ വീട്ടില്‍ സന്ദര്‍ശിച്ച കലാനിധി മാരന്‍ അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്ക് കൈമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട വിവരം. അതിന് പിന്നാലെ ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പര്‍താരത്തിന് ജയിലര്‍ നിര്‍മ്മാതാവ് സമ്മാനിച്ചു. ഈ കാറിന് ഒന്നേകാല്‍ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും ചെക്കും പോര്‍ഷെ കാറും നിര്‍മ്മാതാവ് നല്‍കിയത്.
എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ മറ്റു താരങ്ങള്‍ക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച് ക്യാമിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കേരളത്തില്‍ ജയിലര്‍ നേടിയ വന്‍ കളക്ഷന് പിന്നില്‍ 'മാത്യുസ്' എന്ന റോളിന്‍റെ സ്വാധീനമുണ്ട് എന്ന രീതിയില്‍ സംസാരം നടന്നിരുന്നു. അതിനാല്‍ മോഹന്‍ലാലിനും സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന ചര്‍ച്ചയാണ് ചൂടുപിടിക്കുന്നത്.
ഒപ്പം തന്നെ ചിത്രത്തില്‍ ഉടനീളം രജനിക്ക് എതിരാളിയായി നിന്ന് ചിത്രത്തിലെ പ്രധാന വില്ലനായ വിനായകന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിനാല്‍ തന്നെ വിനായകനും വിജയത്തിന്‍റെ പങ്കിന് അര്‍ഹതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. അതിനൊപ്പം ചിത്രത്തിനെ പലയിടത്തും മറ്റൊരു ലെവലില്‍ എത്തിച്ച സംഗീത സംവിധായകന്‍ അനിരുദ്ധിന് നിര്‍മ്മാതാക്കള്‍ എന്ത് നല്‍കും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് പോലെ കര്‍ണാടകത്തില്‍ അടുത്തകാലത്ത് ഏറ്റവും കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ജയിലര്‍. അതിന് പ്രധാന കാരണം ശിവരാജ് കുമാറിന്‍റെ സാന്നിധ്യമാണ്. അദ്ദേഹത്തിന് എന്ത് നല്‍കും എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേ സമയം രജനിയുമായും, നെല്‍സണുമായും സണ്‍ പിക്ചേര്‍സിന് പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ഉണ്ടായിരുന്നുവെന്നും അതാണ് അവര്‍ക്ക് ചെക്ക് നല്‍കിയത് എന്നുമാണ് തമിഴ് സിനിമ ലോകത്തെ സംസാരം. നെല്‍സന് നല്‍കിയ ചെക്ക് എത്ര തുകയുടെതാണ് എന്ന് വ്യക്തമല്ല. അതേ സമയം ഇരുവര്‍ക്കും സമ്മാനിച്ച കാറുകള്‍ സണ്‍ പിക്ചേര്‍സ് സമ്മാനമായി നല്‍കിയതാണ്. ചിലപ്പോള്‍ ഈ രീതിയില്‍ അടുത്ത ദിവസങ്ങളില്‍ മറ്റു താരങ്ങള്‍ക്കും സമ്മാനം ലഭിച്ചേക്കാം എന്നാണ് വിവരം.
അതേ സമയം നേരത്തെ വന്ന വാര്‍ത്തകള്‍ പ്രകാരം മോഹന്‍ലാലിന് ജയിലര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ 8 മുതല്‍ 9 കോടി വരെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ശിവരാജ് കുമാറിന് 5കോടിക്ക് അടുത്തായിരുന്നു പ്രതിഫലം.
'100 കോടിയുടെ ഒറ്റ ചെക്ക്': രജനികാന്തിന് കലാനിധി മാരന്‍ നല്‍കിയ ചെക്കിന്‍റെ വിവരം പുറത്ത്.!