മലയാള സിനിമ സങ്കടഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാം കലങ്ങിത്തെളിയണമെന്നും മഞ്ജു വാര്യർ.
കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും പിന്നാലെ വന്ന തുറന്നു പറച്ചിലുകളും മോളിവുഡിനെ അടിമുടി മാറ്റി മറിച്ചു കഴിഞ്ഞു. പലരും ഇതിനോടകം വിഷത്തിൽ പ്രതികരണവുമായി എത്തി. ചിലർ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.
മലയാള സിനിമ സങ്കടഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും എല്ലാം കലങ്ങിത്തെളിയണമെന്നും മഞ്ജു വാര്യർ പറഞ്ഞു. കോഴിക്കോട് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആയിരുന്നു നടിയുടെ പ്രതികരണം. "നിങ്ങൾ എല്ലാവരും വാർത്തകളിൽ കൂടിയൊക്കെ കാണുന്നുണ്ടാകും ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതെല്ലാം വേഗം, കാർമേഘങ്ങളെല്ലാം കലങ്ങിത്തെളിയട്ടെ. നിങ്ങളുടെയൊക്കെ സ്നേഹവും പ്രേത്സാഹനവും ഒക്കെ ഉള്ളിടത്തോളം കാലം എനിക്കോ മറ്റുള്ളവർക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം", എന്നായിരുന്നു മഞ്ജു വാര്യയുടെ വാക്കുകൾ.
ഫൂട്ടേജ് എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് സൈജു ശ്രീധരന്‍ ആണ്. ഷബ്‌ന മുഹമ്മദും സൈജു ശ്രീധരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. അതേസമയം, തമിഴിലും മഞ്ജുവിന്‍റെ സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിടുതലൈ പാർട്ട് 2 ആണ് ആചിത്രം വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..