നിർമാതാവിന്റെ മേലങ്കി അണിഞ്ഞിരിക്കുകയാണ് ഹണി റോസ്.
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്ന താരമാണ് ഹണി റോസ്. ഇതിനോടകം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഹണി ഇതാ പുതിയ റോളിൽ എത്താൻ പോകുകയാണ്. നിർമാതാവിന്റെ മേലങ്കി അണിയാനാണ് താരം ഒരുങ്ങുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഹണി റോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തി. എച്ച്ആർവി(ഹണി റോസ് വർഗീസ്) എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോയും ഹണി പുറത്തുവിട്ടിട്ടുണ്ട്.
"ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം. സിനിമ എന്നത് പലർക്കും ഒരു സ്വപ്നമാണ്. അതൊരു ഫാൻ്റസിയാണ്, ജീവിതാഭിലാഷമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുകയാണ്. എൻ്റെ ചെറുപ്പം, ജീവിതം, പഠനം, സൗഹൃദങ്ങൾ തുടങ്ങി എല്ലാറ്റിലും സിനിമ വലിയതും അതി മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വ്യവസായത്തിൽ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്റെ കടയും വിധിയും ആണെന്ന് എനിക്ക് തോന്നുകയാണ്. എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്. ഇത്രയും നാള്‍ സിനിമാസ്വാദകർ നൽകിയ സ്നേഹത്തെ ഞാൻ വിനയത്തോടെ നോക്കിക്കാണുകയാണ്. അതെനിക്ക് അതിശയകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ഒരുക്കി. ഈ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ യാത്രയിൽ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ്. എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ എൻ്റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകൾക്ക് അവസരം നൽകുക, നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതുമാണ് എന്റെ ലക്ഷ്യം",എന്നാണ് സന്തോഷം പങ്കിട്ട് ഹണി റോസ് കുറിച്ചത്.
അതേസമയം, റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവാണ്. മലയാളത്തിനൊപ്പം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..