ദിലീപിനും അതിജീവിതക്കും നിർണായകം, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ഉണ്ടാകുമോ? നാളെ വിധി

By Web Team  |  First Published Dec 6, 2023, 8:29 PM IST

വിചാരണ നീട്ടി കൊണ്ടുപോകാൻ ആണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്‍റെ വാദം
 


കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാളെ നിർണായക വിധി. അതിജീവിതക്കും ദിലീപിനും ഒരുപോലെ നിർണായകമാകും ഹൈക്കോടതി വിധി. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാൻ ആണ് നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്‍റെ വാദം.

ഹിന്ദിയിൽ 'സത്താ' എന്ന് പറയും, മലയാളത്തിൽ...! 'സത്യമേവ ജയതെ'യെ മോദി ഭരണകൂടം 'സത്താമേവ ജയതെ' എന്നാക്കി: ശശിതരൂർ

Latest Videos

ഹർജിയും വിശദാംശങ്ങളും ഇങ്ങനെ

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നാളെ വിധി പറയുക. അതിജീവിത നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9 നും ഡിസംബർ 13 നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!