'ഇതിനിടക്ക് എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റാത്ത വലിയൊരു സംഭവം ഉണ്ടായി'.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലെ വേദനകളും വ്യക്തിജീവിതത്തിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളും തുറന്നു പറഞ്ഞുകൊണ്ടുള്ള ആൻമരിയയുടെ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം ആൻമരിയ.
തന്റെ അമ്മയും അച്ഛനും വിവാഹമോചിതരാകാനുള്ള കാരണവും ആൻമരിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ''ചെറുപ്പത്തിൽ പപ്പയുടെ പെറ്റ് ആയിരുന്നു ഞാൻ. പപ്പയെയും മമ്മിയെയും ഞാൻ ഒരുപോലെ സ്നേഹിച്ചിട്ടുണ്ട്. രാവിലെ അഞ്ചു മണിക്ക് പപ്പയും ഞാനും ഒന്നിച്ചെഴുന്നേറ്റ് റബ്ബർ തോട്ടത്തിലെ കരിയില കത്തിക്കുന്നതൊക്കെ എനിക്ക് ഓർമയുണ്ട്.
പക്ഷേ പതിയെ പപ്പയും അമ്മയും തമ്മിൽ ചില ഈഗോ പ്രശ്നങ്ങൾ ആയി. പപ്പക്ക് മമ്മിയെ സംശയമായി. ഞാൻ ഒരു നാലാം ക്ലാസ് എത്തുന്നതു വരെയേ പപ്പെക്കുറിച്ച് നല്ല ഓർമകൾ ഉള്ളൂ. പിന്നീട് പപ്പയുടെ സ്വഭാവം തന്നെ മാറി.
ഇതിനിടക്ക് എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റാത്ത വലിയൊരു സംഭവം ഉണ്ടായി, അതെന്താണ് എന്നെനിക്ക് പറയാൻ പറ്റില്ല. ആ സംഭവം കണ്ടു കൊണ്ടാണ് ഞാൻ സ്കൂളിൽ നിന്നും വരുന്നത്. ഒരു സെക്കന്റ് വൈകിയിരുന്നെങ്കിൽ എന്റെ അമ്മ ചിലപ്പോൾ ഇല്ലാതായേനെ. എന്തിനാ എനിക്ക് ഇങ്ങനെയൊരു അപ്പൻ, എന്തിനാ മമ്മിക്ക് ഇങ്ങനെയൊരു ഭർത്താവ് എന്ന് ഞാനാണ് മമ്മിയോട് ചോദിച്ചത്. അങ്ങനെയാണ് അവർ വിവാഹമോചിതരായത്'', ആൻമരിയ പറഞ്ഞു.
Read More: വമ്പൻമാര്‍ ഞെട്ടുന്നു, കേരളത്തിനു പുറത്തും കളക്ഷനില്‍ കൊടുങ്കാറ്റായി എമ്പുരാൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക