'അമ്മയേക്കാൾ വലിയ പോരാളി'; ഈ സീനും ഡയലോഗും കെജിഎഫിൽ ആദ്യം ഉണ്ടായിരുന്നില്ല, തുറന്നുപറഞ്ഞ് യഷ്

By Web Team  |  First Published Oct 23, 2024, 5:22 PM IST

'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല', എന്ന ഡയലോ​ഗും സീനും വന്ന വഴിയെ കുറിച്ച് യാഷ്. 


2018ൽ റിലീസ് ചെയ്ത കെജിഎഫ് എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെ ലോകമെമ്പാടുമായി ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. സിനിമാസ്വാദകരെ ഒന്നാകെ ഇളക്കിമറിച്ച റോക്കി ഭായ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രം ബി​ഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ മാറിയത് യാഷ് എന്ന നടന്റെ തലവര കൂടിയായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റിലും യാഷ് ഇടംപിടിച്ചു കഴിഞ്ഞു. 

ഇപ്പോഴിതാ കെജിഎഫിനെ പറ്റി ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് യഷ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിലെ 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല', എന്ന ഡയലോ​ഗും സീനും വന്ന വഴിയെ കുറിച്ചാണ് യാഷ് പറയുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. 

Latest Videos

undefined

'ഞാനും പ്രശാന്തും (പ്രശാന്ത് നീൽ, സംവിധായകൻ) കൂടി ചിത്രത്തിൻ്റെ എഡിറ്റിംഗ് കാണുകയായിരുന്നു. ജനങ്ങൾ ഏറ്റെടുത്ത ആ അമ്മ സീൻ ആദ്യം അങ്ങനെ ആയിരുന്നില്ല. ബണ്ണുമായി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നൊരു വൃദ്ധയായിരുന്നു സീനിൽ. ഞാൻ തോക്കെടുക്കുന്ന രം​ഗം വാരാൻ ഇരിക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ രാമറാവു പെട്ടെന്ന് എഴുന്നേറ്റത്. എന്നിട്ട് അദ്ദേഹം ചോദിച്ചു, സിനിമ മുഴുവൻ റോക്കിയുടെ അമ്മയെക്കുറിച്ചാണ് പറയുന്നത്. പിന്നെന്തുകൊണ്ട് ഈ സീനിൽ അമ്മയില്ല എന്ന്. പെട്ടെന്ന് ഞാനും പ്രശാന്തും പരസ്‌പരം നോക്കി. കാരണം അത്രയും മികച്ചൊരു ആശയമായിരുന്നു അത്', എന്ന് യാഷ് പറയുന്നു.  

"ഇനി എന്ത് ചെയ്യുമെന്ന് ഞങ്ങൾ രണ്ടാളും ആലോചിച്ചു. കുഴപ്പമില്ല, ഞാൻ ഈ ബ്ലോക്ക് മുഴുവൻ മാറ്റാമെന്നും വീണ്ടും ഷൂട്ട് ചെയ്യാമെന്നും പ്രശാന്ത് പറയുകയും ചെയ്തു. സീൻ മാറ്റുന്ന കാര്യം നിർമാതാവിനോടും പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ ഒരു ചെറിയ കുട്ടിയെയും എടുത്ത് വരുന്ന സ്ത്രീയെ സീനിലേക്കെത്തിച്ചത്. ആ സ്‍ത്രീയെക്കണ്ട് റോക്കി തൻ്റെ അമ്മയെ ഓർക്കുകയാണ്. റോക്കി കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് പോകുമ്പോൾ ഒരു ഡയലോഗ് ആവശ്യമായി വന്നു. ആ ചർച്ചയ്ക്ക് ഒടുവിലാണ്, 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്ന ഡയലോ​ഗ് ലഭിച്ചത്", എന്ന് യാഷ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!