ഏത് പ്രൊജക്റ്റിനും അതിന്റേതായ പ്രത്യേകതകളുണ്ടാകും എന്നും ഉപേന്ദ്ര.
കന്നഡയില്‍ നിന്നുള്ള ചിത്രം 'കബ്‍സാ' വലിയ ആഘോഷപൂര്‍വം പ്രദര്‍ശനത്തിന് എത്തിയതാണ്. ഉപേന്ദ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ 'കെജിഎഫു'മായുള്ള താരതമ്യം പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രത്തിന്റ റിലീസിന് ശേഷവും ഈ ആരോപണമുണ്ടായി. ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ ഉപേന്ദ്ര.
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ചിത്രം കെജിഎഫ് പോലുണ്ടെന്ന് ആള്‍ക്കാര്‍ പറഞ്ഞിരുന്നു. എന്തായാലും 'കബ്‍സാ'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ചിത്രം എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നുവെന്ന ജനങ്ങള്‍ക്ക് മനസിലായി. ഇപ്പോള്‍ അങ്ങനെ ചിത്രത്തെ കുറിച്ച് താരതമ്യം ചെയ്യുന്നില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. മാത്രവുമല്ല രണ്ട് സിനിമകളെ താരതമ്യം ചെയ്യരുത് എന്ന് ഞാൻ ആള്‍ക്കാരോട് അഭ്യര്‍ഥിക്കുകയാണ്. അത് നല്ലതല്ല. ഏത് പ്രൊജക്റ്റിനും അതിന്റേതായ പ്രത്യേകതകളുണ്ടാകും എന്നും ഉപേന്ദ്ര ഇന്ത്യൻ എക്സ്‍പ്രസിനോട് പറഞ്ഞു. 'കബ്‍സാ' എന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവം ആകുമെന്നും ഉപേന്ദ്ര പറഞ്ഞു.
ആര്‍ ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധാനം. കിച്ച സുദീപും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സ്വതന്ത്ര സേനാനിയൂടെ മകൻ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് കബ്‍സ പറയുന്നത്.
മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും 'കബ്‍സാ' എത്തി. 'കെജിഎഫ്' സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്‍ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് 'കബ്‍സ'യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: ശങ്കര്‍ രാമകൃഷ്‍ണന്റെ സംവിധാനത്തില്‍ 'റാണി', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്‍ജു വാര്യര്‍