തമിഴ്‍നാട്ടില്‍ വൻ ഹിറ്റായി അയലാൻ.
ശിവകാര്‍ത്തികേയൻ നായകനായി എത്തിയ പുതിയ ചിത്രം അയലാന് തമിഴ്‍നാട്ടില്‍ വൻ സ്വീകാര്യത. അയലാൻ തമിഴ്‍നാട്ടില്‍ മാത്രം 50 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മിനിമം ഗ്യാരണ്ടിയുള്ള ഒരു തമിഴ് താരം എന്ന പ്രതീക്ഷകള്‍ ശിവകാര്‍ത്തികേയൻ അയലാനിലൂടെയും ശരിവച്ചിരിക്കുന്നു. മൂന്നാമാഴ്‍ചയിലും തമിഴ്‍നാട്ടില്‍ 290 സ്‍ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടും അയലാന്റെ വിജയം സൂചിപ്പിക്കുന്നതാണ്.
അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു നായകൻ ശിവകാര്‍ത്തികേയൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. എന്തായാലും ശിവകാര്‍ത്തികേയൻ നായകനായ പുതിയ ചിത്രവും വൻ ഹിറ്റായി മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.
ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്ന റിപ്പോര്‍ട്ടും ആരാധകരെ ആവേശത്തിലാക്കുന്ന ഒന്നാണ്. എസ്‍കെ 21 എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനന്റെ രാജ് കമലാണ്.
Read More: സൈറണുമായി ജയം രവി, പ്രൊമൊ വീഡിയോ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക