കഴിഞ്ഞ പതിനൊന്ന് വർഷം കൊണ്ട് തമിഴ് സിനിമയിൽ സ്വന്തമായൊരു തട്ടകം സൃഷ്ടിച്ചിരിക്കുകയാണ് താരം.
സിനിമയിൽ ചുവടുറപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അഭിനയത്തിൽ. കാലങ്ങളായുള്ള പരിശ്രമത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ ഫലമായാണ് ഇന്ന് കാണുന്ന പലതാരങ്ങളും ഇന്റസ്ട്രികളിൽ തിളങ്ങി നിൽക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ പതിനൊന്ന് വർഷം കൊണ്ട് തമിഴ് സിനിമയിൽ സ്വന്തമായൊരു തട്ടകം സൃഷ്ടിച്ചിരിക്കുകയാണ് ഒരു താരം. മറ്റാരുമല്ല ശിവകാർത്തികേയനാണ് അത്.
ടെലിവിഷൻ കോമഡി ഷോയിൽ മത്സരാർത്ഥിയായിട്ടായിരുന്നു ശിവകാർത്തിയേകന്റെ തുടക്കം. അവിടെ നിന്നും അവതാരകന്റെ മേലങ്കിയിലേക്ക്. തമിഴിലെ പ്രമുഖ ചാനലുകളിൽ മികച്ച അവതാരകനായി തിളങ്ങാൻ അധികകാലമൊന്നും ശിവയ്ക്ക് വേണ്ടി വന്നില്ല. ചടുലമായ സംസാര ശൈലിയും തമാശകളും കൊണ്ട് ടിവിയ്ക്ക് മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ ശിവകാർത്തികേയന് സാധിച്ചു. ഇതിനിടെ 2012ൽ മറീന എന്ന സിനിമയിലൂടെയാണ് ശിവകാർത്തികേയൻ വെള്ളിത്തിരയിൽ എത്തുന്നത്.
undefined
'വരുത്തപടാത്ത വാലിബർ സംഘം' എന്ന ചിത്രത്തിലൂടെ ശിവ തമിഴ് സിനിമയിൽ തന്റെ ശ്രദ്ധ ക്ഷണിച്ചു. ഈ സിനിമയുടെ വിജയം താരത്തിലേക്ക് കൂടുതൽ സിനിമകൾ എത്തിക്കുകയായിരുന്നു. പിന്നീട് 'എതിർ നീചൽ', 'മാൻ കരാട്ടെ', 'കാക്കി സട്ടൈ', 'രജനി മുരുകൻ', 'റെമോ', 'വേലൈക്കാരൻ', 'ഡോക്ടർ' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശിവ നായകനായി എത്തി. ഇവയെല്ലാം തന്നെ ബോക്സ് ഓഫീസിലും അല്ലാതെയും വിജയകിരീടം ചൂടിയിരുന്നു. ഇതിൽ ഡോക്ടർ, ഡോൺ തുടങ്ങിയ സിനിമകൾ 100 കോടി ക്ലബ്ബുകളിലും ഇടംപിടിച്ചു.
നിലവിൽ അമരൻ ആണ് ശിവകാർത്തികേയന്റേതായി തിയറ്ററുകളിൽ എത്തിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്‍റെ കഥ പറഞ്ഞ ചിത്രം 300 കോടിയോളം കളക്ഷൻ നേടിയിരുന്നു. ഇതില്‍ 241.75 കോടി ഇന്ത്യയിൽ നിന്നുമാത്രമാണ് ചിത്രം നേടിയത്. സായ് പല്ലവി ആയിരുന്നു നായിക. നടൻ വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാകും അടുത്ത ദളപതി എന്ന ചർച്ചകൾ നടന്നിരുന്നു. ഇതിൽ ഉയർന്ന് കേട്ട പേര് കൂടിയാണ് ശിവകാർത്തികേയന്റേത്. ദ ഗോട്ട് എന്ന വിജയ് ചിത്രത്തിൽ അതിഥി വേഷത്തിൽ ശിവ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, റിപ്പോർട്ടുകൾ പ്രകാരം 120 കോടിയാണ് ശിവകാർത്തികേയന്റെ ആസ്തി. ടെലിവിഷനിൽ ആയിരങ്ങൾ ശമ്പളമായി വാങ്ങിയ താരം സിനിമയിൽ എത്തിയപ്പോൾ ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങിയത്. ഇപ്പോൾ ഒരു സിനിമയ്ക്ക് 30 കോടിയാണ് ശിവയുടെ പ്രതിഫലം. അമരനിലെ പ്രതിഫലമാണിതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം