നിർമാതാവിന്റെ പരാതി അടിസ്ഥാന രഹിതം, പരിഹാരം കാണണം; 'അമ്മ'യ്ക്ക് ഷെയിനിന്റെ കത്ത്

By Web Team  |  First Published Apr 27, 2023, 3:25 PM IST

സോഫിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമെന്ന് ഷെയിന്‍ ആരോപിച്ചു. 


കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നി​ഗം.  നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാ​ഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി. സോഫിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമെന്ന് ഷെയിന്‍ ആരോപിച്ചു. 

ആര്‍ഡിഎക്സ് സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണം താനല്ലെന്നും ഷെയിന്‍ പറയുന്നു. സിനിമയുടെ എഡിറ്റിംഗിൽ ഇടപെട്ടിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു. ശാരീരിക പ്രശ്നങ്ങള്‍ കാരണം ഒരു ദിവസം സെറ്റിലെത്താന്‍ വൈകിയത് കൊണ്ട് നിർമ്മാതാവിൻ്റെ ഭർത്താവ് പോൾ തൻ്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നടൻ കത്തിൽ പറയുന്നു. താൻ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയിൻ കത്തിൽ‌ ആവശ്യപ്പെടുന്നു. 

Latest Videos

ഷെയിൻ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്നു എന്നായിരുന്നു സോഫിയ പോളിന്‍റെ പരാതി.  ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. സമയത്ത് ഷൂട്ടിംഗിന് എത്തിയിരുന്നില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊടുത്ത പരാതിയിൽ സോഫിയ ആരോപിച്ചിരുന്നു.

സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിരുന്നു.  കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. 

ഷെയിനും അമ്മയും എഡിറ്റിം​ഗിൽ ഇടപെടുന്നു; നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി പുറത്ത്

ഏപ്രില്‍ 25നാണ് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും ശ്രീനാഥ് ഭാസിയും ഷെയ്‍ൻ നിഗവും നിര്‍മാതാക്കളുള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു. .  'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്നും സിനിമാസംഘടനകൾ ആരോപിച്ചിരുന്നു. 

click me!