വീടിന് മേൽക്കൂര ഫ്ലക്സ്, രണ്ട് പെൺമക്കൾ; സ്വന്തം വീട് വിറ്റ് ക്യാൻസർ രോ​ഗിക്ക് വീട് വച്ചുകൊടുത്ത സാജു നവോദയ

By Web Team  |  First Published Sep 5, 2024, 5:24 PM IST

പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ച ശേഷമായിരുന്നു സാജു നവോദയ സ്വന്തമായൊരു വീട് വച്ചത്.


കാലങ്ങളായി മലയാള സിനിമകളിലും സീരിയലുകളിലും സ്റ്റേജ് ഷോകളിലും മലയാളികളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഒരു പക്ഷേ ഈ പേരിനെക്കാൾ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാ​ഗം പേർക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളം ആയിരുന്നു ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അം​ഗീകാരവും പ്രകീർത്തിയും. നിലവിൽ ഷോകളിലും സിനിമകളിലുമെല്ലാം സജീവമായി തുടരുന്ന സാജു, തന്റെ സ്വന്തം വീടുവിറ്റ് ക്യാൻസർ രോ​ഗിക്ക് വീട് വച്ചു കൊടുത്ത വാർത്ത ഓരോ മലയാളികളുടെയും ഹൃദയം നിറച്ചിരിക്കുകയാണ് ഇപ്പോൾ. 

പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ച ശേഷമായിരുന്നു സാജു നവോദയ സ്വന്തമായൊരു വീട് വച്ചത്. എന്നാൽ മരടിലുള്ളൊരു ക്യാൻസർ രോ​ഗിയുടെ അവസ്ഥ കണ്ടപ്പോൾ ആ വീട് വിറ്റ് അവർക്കൊരു ഭവനം നിർമിച്ച് കൊടുക്കാൻ സാജുവും ഭാര്യയും മുൻകൈ എടുക്കുക ആയിരുന്നു. 

Latest Videos

സാജു നവോദയുടെ വാക്കുകൾ ഇങ്ങനെ

എന്റെ വീട് വിറ്റിട്ട് വേറൊരാൾക്ക് വീട് വച്ചു കൊടുത്ത ആളാണ് ഞാൻ. പതിനഞ്ച് വർഷം വാടകയ്ക്ക് താമസിച്ചിട്ടാണ് ഞാൻ വീട് വച്ചത്. ആ വീട് വിറ്റ്, പത്ത് ലക്ഷത്തിന് മേലെ മുടക്കി വേറൊരാൾക്ക് വീട് വച്ചു കൊടുത്തു. പുള്ളിയൊരു ക്യാൻസർ രോ​ഗിയാണ്. ഒരു നേരത്തെ മരുന്ന് വാങ്ങിത്തരണമെന്ന് വിളിച്ചപ്പോൾ ഞാനും ഭാര്യയും കൂടി അവരുടെ വീട്ടിൽ പോയതാണ്. ഫ്ലക്സ് മേൽക്കൂരയാക്കിയ വീട്ടിൽ ഫ്ലക്സ് വിരിച്ചാണ് രോ​ഗി കിടക്കുന്നത്. ഞങ്ങൾ കട്ടിൽ വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു. അങ്ങനെ കട്ടിൽ വാങ്ങാൻ പോകുമ്പോൾ ഭാര്യ പറഞ്ഞു നമുക്കൊരു കുഞ്ഞ് വീട് വച്ച് കൊടുക്കാമെന്ന്. കാരണം പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺ മക്കളാണ് ആ വീട്ടിൽ ഉള്ളത്. പുലർച്ചെ നാല് മണിക്കോ മൂന്ന് മണിക്കോ എഴുന്നേറ്റ് പറമ്പിൽ പോകും അവര്‍. ബാത്റൂമിൽ പോകാൻ. വൈകുന്നേരം ആണേൽ എല്ലാവരും ഉറങ്ങിയ ശേഷവും. അങ്ങനെയാണ് വീട് വച്ചുകൊടുക്കാം എന്ന് തീരുമാനിക്കുന്നത്. ഒടുവിൽ നാട്ടുകാരൊക്കെ വന്ന് വലിയ വീട് വച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞു. എന്നാൽ ഫസ്റ്റ് കല്ലിടിയലിന്റെ അന്ന് ആൾക്കാർ വന്നതാണ്. പിന്നീട് ആരും വന്നില്ല. ഒടുവില്‍ ഞാൻ തന്നെ നിന്ന് വീട് പണിതു. രണ്ട് മുറികളും അറ്റാച്ചിഡ് ബാത്റൂം, കിച്ചൺ, വർക്ക് ഏരീയ തുടങ്ങി എല്ലാ സൗകര്യവും ഉള്ള നല്ലൊരു വീട് അവർക്ക് വച്ച് കൊടുത്തു. ആ കുഞ്ഞുങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്. ഞാൻ ഇപ്പോൾ വാടകയ്ക്ക് ആണ് താമസിക്കുന്നത്. എന്റെയും ഭാര്യയുടെയും സന്തോഷം ആണ് ഞങ്ങളുടെ ജീവിതം. അടുത്തൊരു സ്ഥലം വാങ്ങി വീട് വച്ചിട്ട്, ആരോരും ഇല്ലാത്ത അമ്മമാരെ ഞങ്ങൾക്കൊപ്പം താമസിപ്പിക്കുക എന്നതാണ് ഭാര്യയുടെ ഇപ്പോഴത്തെ പ്ലാൻ. അതുതന്നെയാണ് എന്റെയും പ്ലാൻ. ഞങ്ങളുടെ സന്തോഷം ആണ് ഞങ്ങളുടെ ജീവിതം. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സാജു തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. 

ലളിതം സുന്ദരം, വിവാഹത്തിന് ആർഭാടം വേണ്ടെന്നുവച്ച ദിയ; 'അനാവശ്യ ധൂര്‍ത്ത്' ഒഴിവാക്കാമല്ലോന്ന് കൃഷ്ണ കുമാർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!