മകള്‍ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്

By Web Team  |  First Published Dec 15, 2022, 11:21 AM IST

രജനികാന്തും ഐശ്വര്യയും രാവിലെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.


തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ മകള് ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. അടുത്തിടെ തന്റെ എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിച്ച രജനികാന്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തിരുപ്പതിയിലെത്തിയത്. ദേവസ്ഥാനം അധികൃതര്‍ രജനികാന്തിന് ഉഷ്‍മളമായ സ്വീകരണം നല്‍കി വരവേറ്റു. ഇന്ന് രാവിലെയാണ് രജനികാന്ത് മകള്‍ക്കൊപ്പം ദര്‍ശനം നടത്തിയത്.

സിരുത്തൈ ശിവ സംവിധാനം ചെയ്‍ത 'അണ്ണാത്തെ' എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന ജയിലര്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്.  

Latest Videos

ഐശ്വര്യ രജനികാന്ത് വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  'ലാല്‍ സലാം' എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാൻ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു.

രജനികാന്തിന്റെ ആദ്യത്തെ മകളായ ഐശ്വര്യ ഇതിനകം തന്നെ സംവിധായികയെന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.

Read More: പവൻ കല്യാണിന്റെ 'ഉസ്‍താദ് ഭഗത് സിംഗ്', നായികയാകാൻ പൂജ ഹെഗ്‍ഡെ

click me!