അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'കാപ്പ'. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'കൊട്ട മധു' എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പുറത്തുവന്നിരിക്കുന്നത്. കൊട്ട മധുവായി പരകായ പ്രവേശനം നടത്തിയ പൃഥ്വിരാജ് തീഷണതോടെ നോക്കുന്ന സ്റ്റില്ലിൽ കാണാനാകും. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'കണ്ടിട്ട് ഇതും ഗംഭീരം ആകും എന്ന് തോന്നുന്നു, രാജുവേട്ട ഇത് പൊളിക്കും, ഹാർട്രിക് അടിക്കാം'എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രം ഡിസംബർ 22നാണ് തിയറ്ററുകളിൽ എത്തുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്നു എന്നതും കാപ്പയുടെ പ്രത്യേകതയാണ്. ആസിഫ് അലിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു.
അതേസമയം, ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നയൻതാര നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അൽഫോൺസ് പുത്രൻ ആണ്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഗോൾഡിനുണ്ട്.