ബോക്സ് ഓഫീസിൽ മികച്ച നേട്ടം ആണ് പൃഥ്വിരാജ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
മലയാളികൾ ഒന്നടങ്കം വായിച്ച് ഹൃദ്യസ്ഥമാക്കിയ ബെന്യാമിന്റെ ആടുജീവിതം സിനിമ ആയാൽ എങ്ങനെ ഉണ്ടാകും ?. ഈ ചോദ്യം ആയിരുന്നു മാർച്ച് 28ന് മുൻപ് വരെ ഓരോ സിനിമാസ്വാദകരും ചോദിച്ച ചോദ്യം. തങ്ങൾ എഴുത്തിലൂടെ കണ്ട് മനസിലാക്കിയ നജീബിന്റെ കഥ വെള്ളിത്തിരയിൽ എത്തിയാൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ അവർ കാത്തിരുന്നു. അതുകൊണ്ട് തന്നെ ബ്ലെസി എന്ന സംവിധായകന് പരീക്ഷണാത്മകവും ആയിരുന്നു ഈ ദൗത്യം. എന്നാൽ ഒരു മാസം മുൻപ് ആടുജീവിതം തിയറ്ററിൽ എത്തിയപ്പോൾ ആ പരീക്ഷണവും പ്രതീക്ഷകളും വെറുതെ ആയില്ലെന്ന് ഊട്ടി ഉറപ്പിക്കുക ആയിരുന്നു.
മലയാള സിനിമയിൽ ദൃശ്യവിസ്മയം തീർത്ത ആടുജീവിതത്തിൽ നജീബായുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം ഏറെ ശ്രദ്ധനേടി. ബിഗ് സ്ക്രീനിൽ അദ്ദേഹത്തെ കണ്ട് ഓരോ പ്രേക്ഷകന്റെയും കണ്ണും മനസും നിറഞ്ഞു. ആദ്യദിനം മുതൽ കേരളത്തിൽ അടക്കം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തി. വെറും നാല് ദിവസത്തിൽ 50കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഇതാ ഒടിടിയിൽ എത്താൻ ഒരുങ്ങുന്നെന്ന വിവരം പുറത്തുവരികയാണ്.
ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം മെയ് പത്തിന് ആടുജീവിതം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോർസ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിഗ് സ്ക്രീനിൽ ആടുജീവിതം കണ്ടവർക്ക് വീണ്ടും കാണാനുള്ള അവസരവും കാണാത്തവർക്ക് കാണാനുള്ള അവസരവും ആണ് ഇതിലൂടെ ലഭിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ റിലീസ് ചെയ്ത് ഒന്നരമാസത്തിൽ ആണ് ആടുജീവിതം ഒടിടിയിൽ എത്തുന്നത്.
അതേസമയം, ബോക്സ് ഓഫീസിൽ മികച്ച നേട്ടം ആണ് പൃഥ്വിരാജ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 100കോടി ക്ലബ്ബിൽ കയറിയ ചിത്രം 155.95 കോടിയോളം രൂപ ഇതിനോടകം നേടി കഴിഞ്ഞു. കേരളത്തിൽ മാത്രം 77.75 കോടിയാണ് ആടുജീവിതം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..