'ശ്രീരാമന്റെ വേഷം ചെയ്യാൻ‌ ഞാൻ ഭയപ്പെട്ടിരുന്നു'; 'ആദിപുരുഷി'നെ കുറിച്ച് പ്രഭാസ്

By Web Team  |  First Published Oct 3, 2022, 4:44 PM IST

വൻതോതിലുള്ള ട്രോളാണ് ടീസറിനെതിരെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്.


തെന്നിന്ത്യൻ സിനിമാസ്വദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന 'ആദിപുരുഷ്'. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഏവരും കാത്തിരുന്ന ടീസറും പുറത്തെത്തി. എന്നാൽ പ്രശംസയ്ക്കൊപ്പം തന്നെ ടീസറിന് വൻ ട്രോളുകളും നേരിടേണ്ടി വന്നു. ഈ അവസരത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ ശ്രീരാമന്റെ വേഷം ചെയ്യാൻ താൻ ഭയപ്പെട്ടിരുന്നുവെന്നാണ് പ്രഭാസ് പറയുന്നു.

"ആ വേഷത്തെക്കുറിച്ച് ഞാൻ ശരിക്കും ഭയപ്പെട്ടു. ഒരുപാട് സ്നേഹത്തോടെയും അർപ്പണബോധത്തോടെയുമാണ് ഞങ്ങൾ ഈ സിനിമ ചെയ്തിരിക്കുന്നത്", എന്നാണ് പ്രഭാസ് പറഞ്ഞത്. ടീസർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം. 

Latest Videos

അയോധ്യയില്‍ സരയൂ തീരത്തുവെച്ച് വിപുലമായ ചടങ്ങോടെയാണ് 'ആദിപുരുഷിന്റെ ടീസറും പോസ്റ്ററും കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടു. അടുത്ത വർഷം ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അതേസമയം, വൻതോതിലുള്ള ട്രോളാണ് ടീസറിനെതിരെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്. പോഗോ ചാനലിനോ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കിനോ ഒക്കെയാവും ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശമെന്നാണ് ചിലർ പരിഹസിക്കുന്നത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ ചിത്രം ഒരുക്കിയതെന്നും ചോദ്യമുണ്ട്. ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നും ചിലർ പറയുന്നു. 500 കോടിയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.  

'പോഗോ ചാനലിനാണോ സാറ്റലൈറ്റ് റൈറ്റ്'? ട്രോളില്‍ മുങ്ങി 'ആദിപുരുഷ്' ടീസര്‍

click me!