മോഹന്‍ലാലിന്‍റെ നാലാമത്തെ സിനിമയാണ് ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുന്നത്.
സമീപകാലത്ത് സിനിമാ മേഖലയിൽ വന്നൊരു ട്രെന്റ് ആണ് റീ റിലീസുകൾ. മലയാളത്തിൽ ആദ്യമായൊരു സിനിമ റീ റിലീസ് ചെയ്യുന്നത് 2023ലാണ്. മോഹൻലാലിന്റെ സ്ഫടികം ആയിരുന്നു ഇത്. പിന്നാലെ നിരവധി സിനിമകൾ ഇത്തരത്തിൽ പുറത്തിറങ്ങി. ഇക്കൂട്ടത്തിലേക്ക് പുതുവർഷത്തിലും ഒരു സിനിമ എത്തുകയാണ്. ഇരുപത് വർഷം മുൻപ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്.
പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 'ഉദയനാണ് താരം' ആണ് റീ റിലീസിന് ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ പടമാണ്. കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. റിലീസ് വേളയിൽ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഫെബ്രുവരിയിൽ ഫോർ കെ ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഉദയനാണ് താരം നേടിയിരുന്നു. ശ്രീനിവാസൻ ആയിരുന്നു തിരക്കഥ എഴുതിയത്.
നേരത്തെ മോഹൻലാലിൻ്റെ സ്ഫടികവും, മണിച്ചിത്രത്താഴും, ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്തിരുന്നു. ഇവ തിയറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടി. റീ റിലീസായെത്തിയ ചിത്രങ്ങൾ നേടുന്ന വിജയം കൂടുതൽ ക്ലാസിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നുവെന്ന് നിർമാതാവ് സി.കരുണാകരൻ പറഞ്ഞത്.
ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. എസ് കുമാറായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു.
എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..