ഒരു വടക്കൻ വീരഗാഥ വീണ്ടും റിലീസിന് ഒരുങ്ങുന്നുണ്ട്.
മലയാളം സിനിമയിലെ റീ റിലീസ് ട്രെന്റിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് മമ്മൂട്ടി നായകനായി എത്തിയ 'വല്ല്യേട്ടൻ'. 2000ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ അതേറ്റെടുത്തു.
നവംബർ 29ന് ആയിരുന്നു വല്ല്യേട്ടന്റെ റീ റിലീസ്. ഇതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ വല്ല്യേട്ടൻ സെറ്റിൽ നിന്നുമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മനോജ് കെ ജയൻ. ചിത്രത്തിന്റെ പ്രധാന വേഷങ്ങളിലെത്തിയ താരങ്ങളെല്ലാം ഫോട്ടോയിൽ ഉണ്ട്.
ചിത്രത്തിൽ മമ്മൂട്ടിയുടെ അറയ്ക്കൽ മാധവനുണ്ണി തന്റെ സഹോദരന്മാരെ പോലെ കാണുന്ന ദാസൻ എന്ന കഥാപാത്രമായിട്ടായിരുന്നു മനോജ് എത്തിയത്. അതേസമയം, വല്ല്യേട്ടൻ ബിഗ് സ്ക്രീനിൽ എത്തിയത് കാണാൻ നിരവധി പേർ തിയറ്ററുകളിൽ എത്തുന്നുണ്ട്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മൂന്ന് ദിവസത്തിൽ എഴുപത് ലക്ഷം രൂപ വല്ല്യേട്ടൻ നേടിയിട്ടുണ്ട്. ആദ്യദിനം ഏകദേശം 24 ലക്ഷം രൂപയാണ് മമ്മൂട്ടി ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ.
സഹോദരബന്ധത്തിന്റെ കഥപറഞ്ഞ വല്ല്യേട്ടൻ മാസ്- ആക്ഷൻ ചിത്രം കൂടിയാണ്. സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ശോഭന, പൂർണ്ണിമ തുടങ്ങി ഒട്ടനവധി താരങ്ങൾ വല്ല്യേട്ടനിൽ അണിനിരന്നിരുന്നു. നേരത്തെ പാലേരിമാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രം മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്തിരുന്നു.
മോഹൻലാൽ നായകനായി എത്തിയ സ്ഫടികം എന്ന ചിത്രമാണ് മലയാളത്തിൽ ആദ്യമായി റീ റിലീസ് ചെയ്തത്. ശേഷം ദേവദൂതൻ, മണിച്ചിത്രത്താഴ്, പാലേരിമാണിക്യം തുടങ്ങിയ സിനിമകളാണ് പിന്നീട് റീ റിലീസ് ചെയ്ത മലയാള സിനിമകൾ. ഒരു വടക്കൻ വീരഗാഥ റിലീസിന് ഒരുങ്ങുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം