ചിത്രത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ എന്നാണ് ജീത്തു പറഞ്ഞത്.
നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. 'പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു', എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു.
മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. 'ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഡിസംബർ 21ന് നേര് തിയറ്ററിൽ എത്തും. ഇതിനിടെ സിനിമയുടെ കഥ തന്റേതാണെന്ന ആരോപണവുമായി എഴുത്തുകാരൻ ദീപക് ഉണ്ണി രംഗത്ത് എത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഹൈക്കോടതിയിൽ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് നൽകിയ ഹർജി തള്ളിയിരുന്നു. എന്നാൽ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
വീണ്ടുമൊരു ബിഗ് ബോസ് കാലം; ഷോയിലേക്ക് എത്തുന്നത് ആരൊക്കെ ? സാധ്യത എന്ത് ? അഖിൽ പറയുന്നു
ചിത്രത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ എന്നാണ് ജീത്തു ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മോഹൻലാലിന് ഒപ്പം പ്രിയാമണി, ശാന്തി മായാ ദേവി, സിദ്ധിഖ്, അനശ്വര രാജൻ, ജഗദീഷ്, ശ്രീധന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..