ബിലാലിനായി കാത്തിരിക്കുന്നവര്‍ക്ക് വന്‍ സര്‍പ്രൈസ്.
മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രം ഏത് ? ഉത്തരം ഒന്നെ കാണൂ, 'ബിലാല്‍ ജോണ്‍ കുരിശിങ്കൽ'. പതിറ്റാണ്ടുകളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇപ്പോഴും ആഘോഷമാക്കുന്ന കഥാപാത്രം ആണ് ബിലാൽ. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ബിഗ് ബിയിലേതാണ് ഈ വേഷം. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകളും ചർച്ചകളും നടക്കുന്നതിനിടെ മമ്മൂട്ടി ആരാധകർക്ക് ആവേശം നൽകുന്നൊരു വിവരമാണ് പുറത്തുവരുന്നത്.
ബിഗ് ബി വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അതും 4കെ ദൃശ്യമികവോടെ. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 2024ൽ ആകും ബിഗ് ബി ഫോർകെ വെർഷൻ തിയറ്ററിൽ എത്തുക. ഇതിന് ശേഷം എച്ച് ആര്‍ ഒടിടിയിലും സിനിമ റിലീസ് ചെയ്യും.
ബിഗ് ബി തിയറ്ററിൽ മിസ് ആയവർക്കുള്ള വൻ ട്രീറ്റാണ് ഇതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. രണ്ടാം ഭാഗം വരുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പാണോ ഈ റി-റിലീസ് എന്ന് ചോദിക്കുന്നവരും ഉണ്ട്. സ്ലോ മോഷന്റെ ആശയ പാഠങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം കാണാൻ തിയറ്ററിലേക്ക് ജനങ്ങൾ ഒഴികിയെത്തും എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം, 2017ൽ ആണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ വരുന്നെന്ന പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് ഇതേക്കുറിച്ചുള്ള അപ്‍ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും അതിനായി ചില പ്രോജക്ടുകളുടെ ഷെഡ്യൂൾ മമ്മൂട്ടി മാറ്റിവച്ചുവെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ബിലാൽ വരണമെങ്കിൽ അമൽ നീരദ് വിചാരിക്കണമെന്നും സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും ആണ് മമ്മൂട്ടി അടുത്തിടെ പറഞ്ഞത്. ബിഗ് ബിയ്ക്ക് ശേഷം അമലും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവ്വം വൻ ഹിറ്റായിരുന്നു.
സ്ക്രീനിൽ ഇനി 'ലാലേട്ടൻ' മാജിക്, റെക്കോർഡുകൾ തിരുത്തുമോ 'മലൈക്കോട്ടൈ വാലിബൻ' ?; വൻ അപ്ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..