സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.
ഈ വർഷം തമിഴ് സിനിമയിൽ വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടനാണ് കാർത്തി. മൂന്ന് സിനിമകളും ബോക്സ് ഓഫീസിൽ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് കാർത്തിയുടെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ ജപ്പാൻ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം തൂത്തുക്കുടിയിൽ പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് 'ജപ്പാൻ'. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ 'ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വയ്ക്കുകയാണ്. അല്ലു അർജുൻ്റെ 'പുഷ്പ'യിൽ 'മംഗളം സീനു' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ എന്നതും ശ്രദ്ധേയമാണ്. അതു പോലെ 'ഗോലി സോഡ', 'കടുക്' എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
Excited to start this journey of a quirky guy! - Made in India. pic.twitter.com/gBStwdetkY
— Karthi (@Karthi_Offl)
സംവിധായകൻ രാജു മുരുകൻ - ഛായഗ്രാഹകൻ രവിവർമ്മൻ - കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ് എന്നീ പ്രഗൽഭ കൂട്ട് കെട്ടിൽ നിന്നും വരുന്ന സിനിമയാണ് 'ജപ്പാൻ' എന്നതുകൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളവും 'ജപ്പാൻ' സിനിമയുടെ ലൊക്കേഷനാണ്.
'എന്തൊരു സിനിമയാണിത്, ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല’: 'റോഷാക്കി'നെ കുറിച്ച് മൃണാള്‍ താക്കൂര്‍