നടൻ ബാല ആശുപത്രിയിൽ

By Web Team  |  First Published Mar 7, 2023, 10:48 AM IST

കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. 


കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. 

Latest Videos

'ഞാൻ കിടപ്പിലായപ്പോൾ സഹായിച്ചത് ബാല സാർ'; നന്ദി അറിയിക്കാൻ നേരിട്ടെത്തി മോളി കണ്ണമാലി, വീഡിയോ

'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ്‌ ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാല അരങ്ങേറ്റം കുറിച്ചു. 

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.  നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും ബാലയും തമ്മില്‍ ഉണ്ടായ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 

tags
click me!