തലവൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം.
നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീൽ ചെയ്യാതെ മമ്മൂട്ടിയ്ക്ക് എതിരെ ചിലർ ഒളിച്ചിരുന്ന് കല്ലെറിയുകയാണെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് വ്യക്തമാക്കി.
"നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനൊക്കെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മൾ അതിനെ പറ്റി കേൾക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റ്യൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല", എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ. തലവൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സില്ലി മോങ്ക്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.
undefined
അതേസമയം, മെയ് 24നാണ് തലവൻ തിയറ്ററുകളിൽ എത്തുക. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..