കൊച്ചിയില്‍ വച്ചുനടന്ന 'അമ്മ' കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മലയാള സിനിമയുടെ താരസംഘടനയ്ക്ക് 'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ വച്ചുനടന്ന 'അമ്മ' കുടുംബ സംഗമം വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അടുത്തിടെ 'എ. എം. എം. എ' എന്ന തരത്തില്‍ പലരും സംഘടനയെ വിശേഷിപ്പിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍റെ പ്രതികരണം.
'അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള്‍ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
'1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങിയത്. പിന്നീട് ശ്രീ എംജി സോമന്‍റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 95 ജനുവരിയില്‍ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ട് സംഘടന നിലനിന്ന് പോയത്. പ്രവര്‍ത്തനത്തിലൂടെ തിളക്കമാര്‍ജ്ജിച്ച് മുന്നോട്ട് വന്നു', എന്നും സുരേഷ് ഗോപി പറഞ്ഞു. അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ശേഷം മോഹന്‍ലാല്‍ പങ്കെടുക്കുന്ന അമ്മയുടെ ആദ്യത്തെ പരിപാടി കൂടിയാണിത്.
1.53 മില്യണ്‍ ! അതും വെറും 15 ദിവസത്തിൽ; ഇന്‍ഡസ്ട്രികളെ വിറപ്പിച്ച് മാർക്കോ ആ റെക്കോർഡ് തൂക്കി !
അതേസമയം, ഒറ്റക്കൊമ്പന്‍ ആണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം നടക്കുന്ന ചിത്രം. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തലസ്ഥാനത്ത് വച്ചായിരുന്നു ഷൂട്ടിങ്ങിന് തുടക്കമായത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..