വേദിയിൽ ചിരിയുണർത്തി, പുലർച്ചെ ആ ചിരി മാഞ്ഞു; കൊല്ലം സുധിയുടെ മരണം കാറും പിക്കപ്പും കൂട്ടിയിടിച്ച്

By Web Team  |  First Published Jun 5, 2023, 7:55 AM IST

വടകരയിൽ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത്  മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.


തൃശ്ശൂർ: നടൻ കൊല്ലം സുധി വാഹനാപകടത്തിൽപ്പെടുന്നത് വടകരയില്‍ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോള്‍. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരേ വേദിയിൽ ചിരിയുണർത്തി മടങ്ങുമ്പോള്‍ ഉണ്ടായ ദാരുണ അപകടത്തിൽ പ്രിയപ്പെട്ടവന്‍റെ ജീവൻ പൊലിഞ്ഞ തീരാ ദുഖത്തിലാണ് കൂട്ടുകാരായ  ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ. ഇവരും സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.

തൃശൂർ കയ്പമംഗലത്ത്  പനമ്പിക്കുന്നില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്.  വടകരയിൽ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത്  മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Latest Videos

തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ്  കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചതെന്നാണ് വിവരം. വളവ് കടന്നുവന്ന പിക്കപ്പ് വാൻ കാറിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.  . ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. 

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.

Read More : വേദിയിൽ ചിരിയുണർത്തിയ കൂട്ടുകാർ, സുധിയുടെ ജീവനെടുത്ത് അപകടം; ബിനു അടിമാലി ഉൾപ്പടെയുള്ളവർക്ക് പരിക്ക് 

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടു

click me!