ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി 'ആട്ടം': മികച്ച ചിത്രം അടക്കം മൂന്ന് അവാര്‍ഡുകള്‍

By Web Team  |  First Published Aug 16, 2024, 2:49 PM IST

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ആട്ടം അവാര്‍ഡ് നേടി. കേരളത്തിനകത്തും പുറത്തും പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ലഭിക്കുന്ന അംഗീകാരം മലയാള സിനിമയ്ക്ക് അഭിമാന നിമിഷം.


തിരുവനന്തപുരം:  ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ആട്ടം അവാര്‍ഡ‍് നേടിയിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനത്തിന് രാവിലെ മുതല്‍ തന്നെ ആട്ടത്തിന് അവാര്‍ഡുകള്‍ പ്രതീക്ഷിക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്രയും മികച്ച നേട്ടം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് അടക്കം അപ്രതീക്ഷിതമായിരുന്നു.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അടക്കം പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു ആട്ടം. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രത്സവത്തില്‍ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായും ആട്ടം പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് പിന്നാലെ ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. പിന്നീട് ഒടിടിയില്‍ ചിത്രം എത്തിയതോടെ വലിയ തോതില്‍ കേരളത്തിന് പുറത്തും ആട്ടം ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും 2024 ലെ മലയാള സിനിമയുടെ നല്ല കാലം എന്ന പേരില്‍ വരുന്ന ചര്‍ച്ചകളില്‍ എല്ലാം ആട്ടം ഇടം പിടിച്ചിരുന്നു. 

Latest Videos

ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകം വൻ വിജയമായതിനെ തുടര്‍ന്ന് ആഘോഷം നടക്കുന്നതിനിടയിലുണ്ടായ അനിഷ്‍ട സംഭവവും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടത്തില്‍ പ്രതിപാദിക്കുന്നത്. ആരാണ് യഥാര്‍ഥത്തില്‍ ആട്ടത്തിലെ വില്ലനെന്ന് പറയാതെ സമൂഹ്യത്തിലെ പുരുഷ മനശാസ്‍ത്രവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെ ഗൗരവമായി വിശകലനം ചെയ്യുകയാണ് ചിത്രം. ഒരു വിഷയമുണ്ടാക്കുമ്പോള്‍ ഓരോ പുരുഷനും എന്ത് നിലപാടെടുക്കും എന്ന് പരിശോധിക്കുന്ന ആട്ടം സ്‍ത്രീപക്ഷത്തില്‍ നിന്നാണ് ആനന്ദ് ഏകര്‍ഷി അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ അര്‍ഹിച്ച പ്രധാന്യം ഈ ചിത്രത്തിന് ലഭിച്ചിരുന്നില്ലെന്ന് സിനിമ പ്രേമികള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.   എന്നാല്‍ പരിഭവങ്ങളും പരിഹരിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ മികച്ച ചിത്രമായി ആട്ടം മാറുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മഹേഷ് ഭൂവാനന്ദൻ ആണ് എഡിറ്റർ. ഇരുവരും ദേശീയ പുരസ്കാര നിറവിലായി. 
 
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള  അവാർഡും നേടിയിരുന്നു ആട്ടം. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വരികളും ബേസിൽ സി ജെയും ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു. 

click me!