"മൂന്നര മണിക്കൂര്‍ തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യം.."
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും ഹൈപ്പ് നേടിയിരിക്കുന്ന ഒന്നാണ് ആടുജീവിതം. മലയാളികള്‍ അത്രയധികം ചര്‍ച്ച ചെയ്ത ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് ആ ഹൈപ്പിന് പിന്നിലെ പ്രധാന കാരണം. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ചിത്രം മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തും. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു പുസ്തകം സിനിമയാക്കുന്നതിന്‍റെ വെല്ലുവിളിയെക്കുറിച്ച് ബ്ലെസി സംസാരിച്ചിരുന്നു. എന്നാല്‍ സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന ഒരു വിവരവും അദ്ദേഹം പങ്കുവച്ചിരുന്നു. ചിത്രത്തിന്‍റെ മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഒരു പതിപ്പിനെക്കുറിച്ചാണ് അത്.
"കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവലില്‍ ഞാന്‍ ഒരു സിനിമ കണ്ടതുപോലെ വായിച്ച ഓരോരുത്തരുടെയും മനസില്‍ ഓരോ വിഷ്വല്‍ ഉണ്ടായിരിക്കും എന്നതാണ് ആടുജീവിതം സിനിമയാക്കുമ്പോള്‍ രചനാഘട്ടത്തില്‍ നേരിട്ട വലിയ വെല്ലുവിളി. 43 അധ്യായങ്ങളിലായി മൂന്നര വര്‍ഷത്തെ ജീവിതം പറയുന്ന നോവലാണ് അത്. അത് അതേപോലെ സിനിമാരൂപത്തിലേക്ക് മാറ്റണമെങ്കില്‍ ഒന്‍പതോ പത്തോ മണിക്കൂറുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഷൂട്ട് ചെയ്ത ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറാണ് ഉള്ളത്. മൂന്നര മണിക്കൂര്‍ തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യം നമുക്കൊക്കെ അറിയാവുന്നതുകൊണ്ടുതന്നെയാണ് അതിന്‍റെ ദൈര്‍ഘ്യം കുറച്ചത്", ബ്ലെസിയുടെ വാക്കുകള്‍. തൊട്ടുപിന്നാലെ ആ പതിപ്പ് പിന്നീട് റിലീസ് ചെയ്യില്ലേയെന്ന് പൃഥ്വിരാജിന്‍റെ ചോദ്യം വന്നു. "അത് പിന്നീട് നമുക്ക് റിലീസ് ചെയ്യാന്‍ പറ്റുന്നതാണ്", ബ്ലെസിയുടെ മറുപടി.
മൂന്നര മണിക്കൂര്‍ പതിപ്പ് എവിടെയാണ് കാണാനാവുക എന്ന് സംവിധായകന്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് ഒടിടി റിലീസ് ആയി എത്താനാണ് സാധ്യത. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?