സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ബ്ലസി
പത്തനംതിട്ട : ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയിൽ ഇടം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി. നാളെ മുതൽ നടക്കുന്ന വോട്ടിങ്ങിലും പ്രതീക്ഷയുണ്ടെന്ന് ബ്ലസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം 97-ാ മത് ഓസ്കർ അവാർഡിനുള്ള പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. മികച്ച സിനിമ എന്ന വിഭാഗത്തിൽ 323 ചിത്രങ്ങളുടെ പട്ടികയിലാണ് ആട് ജീവിതം ഇടംപിടിച്ചത്. 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാവും. അക്കാദമി അംഗങ്ങൾ വോട്ടിംഗ് പ്രക്രിയയിലൂടെ ആണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നാളെ മുതൽ 12 വരെയാണ് വോട്ടിംഗ്. ജനുവരി 17ന് ഓസ്കർ നോമിനേഷനുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. 10 ചിത്രങ്ങൾ വരെയാണ് നോമിനേഷൻ പട്ടികയിൽ ഇടംനേടാറുള്ളത്.
വമ്പൻ നേട്ടത്തിനരികെ ബ്ലസ്സിയുടെ ആടുജീവിതം, വാര്‍ത്ത പങ്കിട്ട് പൃഥ്വിരാജും
ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രങ്ങള്‍. നോമിനേഷന് വേണ്ടിയുള്ള വോട്ടിംഗ് നാളെ മുതല്‍ 12 വരെ നടക്കും. നേരത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു.