ഡോള്‍ബി തിയറ്ററില്‍ മാര്‍ച്ച് 2 നാണ് ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനം.
97-ാമത് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് രണ്ട് മാസം മാത്രം ശേഷിക്കെ മത്സരത്തിനായി പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് അക്കാദമി. പ്രഥമ പരിഗണനാ പട്ടികയാണ് ഇത്. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാവും. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംപിടിച്ചിട്ടുണ്ട്.
ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയാണ് ആ ചിത്രങ്ങള്‍. നോമിനേഷന് വേണ്ടിയുള്ള വോട്ടിംഗ് നാളെ മുതല്‍ 12 വരെ നടക്കും. 17-ാം തീയതി അക്കാദമി നോമിനേഷനുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡോള്‍ബി തിയറ്ററില്‍ മാര്‍ച്ച് 2 നാണ് ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനം.
അവാര്‍ഡിനുള്ള പത്ത് വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികകളും അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫീച്ചര്‍, ഡോക്യുമെന്‍ററി ഷോര്‍ട്ട്, ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോംഗ്, സൗണ്ട് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള ലിസ്റ്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് നിര്‍മ്മാതാവ് ഗുണീത് മോംഗ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ അനുജ എന്ന ഷോര്‍ട്ട് ഫിലിം ചുരുക്ക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്