നെടുമുടിയെ കണ്ട് കഥപറയാന്‍ പോയ മോഹൻലാലും കൂട്ടുകാരും (Mohanlal Birthday).
1960ല്‍ ജനനം. 'തിരനോട്ടം' എന്ന ആദ്യസിനിമാശ്രമം പാതിവഴിയില്‍ മുടങ്ങി. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ വില്ലൻ മലയാളിയുടെ മനസ്സില്‍ കയറിക്കൂടിയ സുന്ദരവില്ലന്‍. പിന്നെ അമ്പതോളം വില്ലനിക് കഥാപാത്രങ്ങള്‍. 26 ആമത്തെ വയസ്സില്‍ 'രാജാവിന്റെ മകനിലൂ'ടെ സൂപ്പര്‍താരം. അല്‍ഭുതപ്പെടുത്തുന്ന ഗതിവേഗത്തില്‍ സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയ മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. ഇനിയൊരു താരത്തിനും സാധിക്കാത്ത വിധം ചരിത്രപരമായ ഗതിവേഗമായിരുന്നു മോഹന്‍ലാലിന്റെ സിനിമായാത്രയ്ക്ക്. എന്നാല്‍ ഈ ജന്മവാര്‍ഷിക ദിനത്തില്‍ ആലോചനയിലേക്ക് കടന്നുവരുന്നത് അദ്ദേഹത്തിന്റെ ആദ്യ ചിത്രവുമായി ബന്ധപ്പെട്ട ഒരു യാദൃച്ഛികതയാണ്.
എങ്ങനെയെങ്കിലും സിനിമയിലെത്താനുള്ള തത്രപ്പാടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആസൂത്രണം ചെയ്‍ത സിനിമയായിരുന്നു 'തിരനോട്ടം. ആ ചിത്രത്തില്‍ എങ്ങനെ മോഹന്‍ലാല്‍ അഭിനയിച്ചു. പൂര്‍ത്തിയാകാത്ത ആ സിനിമ സഞ്ചരിച്ച വഴികളെന്തെല്ലാം. നെടുമുടി വേണുവിന്റെ ആദ്യസിനിമ 'സൂര്യന്റെ മരണം' എന്ന ചിത്രവുമായി തിരനോട്ടത്തിനുള്ള ബന്ധമെന്ത്? ആകാംക്ഷയുണര്‍ത്തുന്ന ഒരു ഭൂതകാലഅറിവുകളാണ് ഇതെല്ലാം അന്വേഷിച്ച് പോയാല്‍ കിട്ടുക.
undefined
ഒരു മഹാനടന്റെ ആദ്യസിനിമ മറ്റൊരു മഹാനടന്റെ ഏറ്റവും വലിയ വേദനയായ കഥയാണ് അത്. നെടുമുടി വേണു ആദ്യമായി അഭിനയിക്കുകയും പുറത്തിറങ്ങാതെ പോകുകയും ചെയ്‍ത സിനിമയാണ് 'സൂര്യന്റെ മരണം'. 'സൂര്യന്റെ മരണ'ത്തില്‍ ഒരു വേഷം ചോദിച്ച് പോയി അപമാനിതരായി ഇറങ്ങിപ്പോകേണ്ടി വന്നു മോഹന്‍ലാലിന്.
മോഹന്‍ലാല്‍ ആ അനുഭവം ഇങ്ങനെ എഴുതിയിട്ടുണ്ട്.
' കൂട്ടുകാരനായ അശോകിന്റെ ജ്യേഷ്ഠന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു 'സൂര്യന്റെ മരണം'. ആ സിനിമയില്‍ നമ്മളെയും സഹകരിപ്പിക്കുമല്ലോയെന്ന് കരുതി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഞങ്ങള്‍ കൂട്ടുകാര്‍ പോയി. മാന്നാറിലായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനിലെത്തി അശോക് ഞങ്ങളെ ജ്യേഷ്ഠന് പരിചയപ്പെടുത്തി. എന്നിട്ട് വന്ന കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞത് പയ്യന്മാരൊക്കെ സിനിമ കണ്ട് നടക്കേണ്ട പ്രായമാണിത്. അല്ലാതെ സിനിമയില്‍ വര്‍ക്ക് ചെയ്യാനൊന്നും ആയിട്ടില്ല എന്നാണ്. കൂട്ടുകാരുടെ മുന്നില്‍ വച്ച് മുഖത്തടിയേറ്റതുപോലെയായി അശോകിന്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേദനിച്ചു.അന്ന് ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ ഉറച്ച ഒരു തീരുമാനമെടുത്തു, അശോക്. വൈകുന്നേരം കോഫിഹൗസില്‍ വച്ച് അശോക് പറഞ്ഞു. അളിയാ നമ്മള്‍ക്കൊരു സിനിമയെടുക്കണം. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുവാശിയായിരുന്നു. ' '
അങ്ങനെ കൂട്ടുകാരെല്ലാം ആലോചിച്ചു. കഥയും കഥാപാത്രങ്ങളും രൂപപ്പെടുത്തി. ആരെ നായകനാക്കും എന്നതായിരുന്നു അടുത്ത ആലോചന. 'തിരനോട്ട'ത്തില്‍ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത് നെടുമുടിവേണുവനെയായിരുന്നുവത്രെ. നെടുമുടി അന്ന് അത്യാവശ്യം അറിയപ്പെടുന്ന നടന്‍. അങ്ങനെ കൂട്ടുകാരെല്ലാം കൂടി ഒടുവില്‍ നെടുമുടിയെ കണ്ട് കഥപറയാന്‍ പോയി. ഷൂട്ടിംഗ് തിരക്കിനിടെ നെടുമുടി ഈ ചെറുപ്പക്കാരുടെ ശ്രമത്തെ ഗൗരവത്തിലെടുത്തതേയില്ല. 'പിള്ളേര് കളിക്കൊന്നും എന്നെ കിട്ടില്ല' എന്ന് പറഞ്ഞ് നെടുമുടി മോഹന്‍ലാലിനെയും കൂട്ടരെയും പറഞ്ഞുവിട്ടു.
പക്ഷേ അശോകും മോഹന്‍ലാലും കൂട്ടരും നിരാശരായില്ല. അവര്‍ നെടുമുടി വേണുവിനെ ഉപേക്ഷിച്ച് മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാലിനെ നായകനാക്കി 'തിരനോട്ടം' ഷൂട്ട് ചെയ്‍തു തുടങ്ങി. എന്നാല്‍ സിനിമ പുറത്തിറങ്ങിയില്ല. മോഹന്‍ലാലിന്റെ സൈക്കിള്‍ സീന്‍ മാത്രം ചരിത്രത്തില്‍ അവശേഷിച്ചു. പ്രശസ്‍തിയുടെ കൊടുമുടികള്‍ കയറിയപ്പോള്‍ മോഹന്‍ലാലിന്റെ ആദ്യ ചുവടായി ആ ചരിത്രമുഹൂര്‍ത്തം അവശേഷിച്ചു.
പിന്നീട് മോഹന്‍ലാല്‍ 'മഞ്ഞില്‍ വിരിഞ്ഞപൂക്കളി'ലൂടെ വലിയതാരമായി. നെടുമുടിവേണുവിനൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. അപ്പോഴൊക്കെ നെടുമുടി വേണു സിനിമാമോഹങ്ങളുടെ ആദ്യകാലത്ത് വില്ലന്‍ വേഷത്തില്‍ മുന്നിലുണ്ടായിരുന്നു എന്ന കാര്യം മോഹന്‍ലാല്‍ തമാശയായി പറയും. നെടുമുടി ചിരിച്ചുതള്ളും. ഈ പിറന്നാള്‍ ദിനത്തില്‍ സിനിയിലേക്കുള്ള ആ മഹാപ്രയാണത്തിന്റെ ആരംഭത്തെ കുറിച്ചോര്‍ത്താല്‍ ആര്‍ക്കായാലും അത്ഭുതം തോന്നും. ഒരു മഹാപ്രതിഭയുടെ അന്നത്തെ പരിശ്രമത്തിന്റെയും തുടര്‍പ്രയത്‍നങ്ങളുടെയും അനന്തരഫലം സിനിമാസ്വാദകന്റെ അതിലുപരി മലയാളിയുടെയാകെ നിത്യജീവിതത്തിലെ സ്വാധീനമായി മാറി. മഹാന്‍മാരുടെ ജീവിതം അങ്ങനെയാണല്ലോ. ആരെയെപ്പോള്‍ എങ്ങനെയാണ് അല്‍ഭുതപ്പെടുത്തിക്കൊണ്ട് മാറിമറിയുക എന്ന് പ്രവചിക്കാന്‍ കഴിയില്ലല്ലോ.
(കടപ്പാട്-2020ല്‍ പുറത്തിറങ്ങിയ മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റെയും ആത്മകഥാപരമായകുറിപ്പുകള്‍)